നിലവിളക്ക് അണയുമ്പോള്‍
പ്രശസ്ത അറബ് സാഹിത്യകാരനും സിറിയന്‍ നോവലിസ്റ്റുമായ ഹന്നാ മീന കഴിഞ്ഞയാഴ്ച വിടവാങ്ങി. തൊണ്ണൂറ്റിനാലുകാരനായ ഈ സിറിയന്‍ സാഹിത്യകാരന്‍ അറബ് എഴുത്തുകാരില്‍ പ്രധാനിയാണ്.
സിറിയയിലെ ലാദിഖിയ്യയില്‍ 1924 മാര്‍ച്ചിലാണ് ഹന്നാ മീനയുടെ ജനനം. പഠിച്ചതും വളര്‍ന്നതും ലിവാ ഇസ്‌കന്തറില്‍. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഈ പ്രദേശത്തെ തുര്‍ക്കിയോടു ചേര്‍ക്കുകയായിരിന്നു. 1936ല്‍ പ്രാധമിക പഠനം പൂര്‍ത്തിയാക്കി. ജീവിതപ്രാരബ്ധങ്ങള്‍ അദ്ദേഹത്തെ പഠനം തുടരാന്‍ അനുവദിച്ചില്ല. പിന്നീട് തൊഴില്‍ അന്വേഷിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നു. 1938ല്‍ ഹന്ന പിച്ചവച്ചുവളര്‍ന്ന ലിവാഅ് ഇസ്‌കന്തര്‍ വിട്ടു. തുര്‍ക്കി ജയിച്ചടക്കിയ ഈ പ്രദേശത്ത് തുടരാന്‍ അദ്ദേഹത്തിന്റെ മനസ് സമ്മതിച്ചില്ല. കുടുംബാംഗങ്ങളോടൊപ്പം ലാദിഖിയ്യയിലേക്കു തന്നെ മടങ്ങി. ഏറെകാലം 'സൗത്തു ശഅബ് ' എന്ന പത്രം വിറ്റു ജീവിച്ചു. അതിനിടെ ചില അക്രമികളാല്‍ കുത്തേല്‍ക്കുകയുണ്ടായി. മരണം മുഖാമുഖം കണ്ട ആ മഹാപ്രതിഭ പിന്നീടു ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചതല്ല. ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടെന്നു പറയാം.
രോഗം ഭേദമായതിനുശേഷം ക്ഷുരകനായി ജോലി തുടര്‍ന്നു. ഈ ജീവിതവൃത്തി അദ്ദേഹത്തിന്റെ സാഹിത്യ ലോകത്തെ ഉജ്ജ്വലമാക്കി. ജനങ്ങളുമായി അദ്ദേഹം കൂടുതല്‍ സാഹിതീയബന്ധം സ്ഥാപിച്ചു.
കത്തുകളും മറ്റും എഴുതാന്‍ ജനങ്ങളെ സഹായിക്കുകയും ചെയ്തു. ഏറെ വൈകാതെ ആ ജോലിയും ഉപേക്ഷിച്ചു. തുടര്‍ന്നു കപ്പല്‍ തൊഴിലാളിയായി ജീവിതം തള്ളിനീക്കി. കടല്‍ക്കരയിലെ ജീവിതം അദ്ദേഹത്തിന്റെ എഴുത്തുകളെ സ്വാധീനിച്ചു. ഹന്നായുടെ നോവലുകളുടെയെല്ലാം ഇതിവൃത്തം കപ്പലും കടലുമായിരുന്നു. സ്വന്തം എഴുത്തുകളുടെ ഉറവിടം താന്‍ ജീവിച്ച പരിസരമാക്കിമാറ്റുകയായിരുന്നു അദ്ദേഹം.
1940കള്‍ക്കുശേഷം കപ്പല്‍ജോലി മതിയാക്കി ലബനാനിലെ ബെയ്‌റൂത്തിലേക്കു യാത്ര തിരിച്ചു. അവിടെനിന്ന് ദമസ്‌കസിലേക്കും. സിറിയയുടെ തലസ്ഥാനഗരിയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. അങ്ങനെയാണ് ഹന്നായുടെ നോവലുകള്‍ വെളിച്ചം കാണാന്‍ തുടങ്ങിയത്. കടല്‍തീരത്ത് അനുഭവിച്ച ജീവിതയാതനകള്‍ വരച്ചുകാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ നോവലുകള്‍. പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ പ്രക്ഷുബ്ധ ജീവിതം. സിറിയക്കുനേര്‍ക്കുള്ള ഫ്രഞ്ച് അധിനിവേശത്തിനു സാക്ഷിയായ ഹന്നായുടെ ജീവിതം അനുഭവങ്ങളുടെ കലവറയായിരുന്നു.
സാമൂഹികനീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു ഹന്നാ മീനയുടെ എഴുത്തുകളില്‍ പലതും. സോഷ്യലിസ്റ്റ് റിയലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന ഹന്ന ലാളിത്യം നിറഞ്ഞ ജീവിതത്തിനുടമയാണ്. മരണവേളയില്‍ പോലും ആ ലാളിത്യം തുളുമ്പിനിന്നു. പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിവച്ച തന്റെ ഒസ്യത്ത് ഇതു വിളിച്ചുപറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ''അന്ത്യശ്വാസം വലിക്കുമ്പോള്‍ എനിക്ക് ഒരു ആഗ്രഹമുണ്ട്. മാധ്യമങ്ങള്‍ വഴി എന്റെ മരണവാര്‍ത്ത പ്രചരിപ്പിക്കരുത്. ലളിതമായിരുന്നു എന്റെ ജീവിതം. മരണശേഷവും ഞാന്‍ ലാളിത്യം ആഗ്രഹിക്കുന്നു. എനിക്കു ബന്ധുക്കളായി ആരുമില്ല. കാരണം എന്റെ ബന്ധുക്കള്‍ക്ക് അറിയില്ല ഞാന്‍ ആരായിരുന്നെന്ന്.''
അറബ് ലോകത്തെ മഹോന്നതനായ ഈ എഴുത്തുകാരന് അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നു വേണം കരുതാന്‍. അതിന്റെ നിരാശാബോധമാണു മേല്‍കുറിച്ച വാക്കുകളില്‍ നിഴലിച്ചു നില്‍ക്കുന്നത്. ഹന്ന ധാരാളം നോവലുകള്‍ എഴുതിയിട്ടുണ്ട്. വെളുത്തിരുണ്ടവള്‍, യാത്വിര്‍, കപ്പല്‍പായയും കൊടുങ്കാറ്റും, നിലവിളക്കുകള്‍, ഒരു വീരപുരുഷന്റെ അന്ത്യം, കപ്പിത്താന്റെ കഥ എന്നിവ പ്രധാന നോവലുകളാണ്. അവയില്‍ നിലവിളക്കുകള്‍ ഏറെ പ്രസിദ്ധവുമാണ്. അന്തര്‍ദേശീയ അംഗീകാരങ്ങള്‍ തന്നെ അര്‍ഹിക്കുന്ന ഈ നോവല്‍ ധാരാളം പ്രാദേശിക അവാര്‍ഡുകള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."