അനധികൃത കോഴിഫാമിനെതിരേ പ്രതിഷേധം ശക്തം
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തില്‍ വയ്ക്കര പ്രദേശത്ത് സമീപവാസികളുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഴിഫാം നടത്തുന്നതിനെതിരെ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ സെപ്റ്റംബര്‍ 13 മുതല്‍ അനശ്ചിതകാല സമരം തുടങ്ങുമെന്ന് പരിസരവാസികള്‍. ഇതിന് മുന്നോടിയായി സെപ്റ്റംബര്‍ ആറിന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തുമെന്ന് പരിസരവാസികള്‍ അറിയിച്ചു.
ജനവാസ മേഘലയില്‍ കോഴിഫാം സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡം പാലിക്കാതെ അയ്യായിരത്തിലധികം കോഴികളെ വളര്‍ത്തുന്നതിനുള്ള ഷെഡ് നിര്‍മിക്കുന്നതിനെതിരേ അയല്‍വാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി അവഗണിച്ച് സ്ഥാപന ഉടമയ്ക്ക് ബില്‍ഡിങ് പെര്‍മിറ്റ് നല്കി ലൈസന്‍സ് നേടിയെടുക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഷെഡിന്റെ പണി പൂര്‍ത്തിയാക്കി കോഴികളെ വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പഞ്ചായത്ത് അധികൃതരുടെ ഒത്തുകളിക്കെതിരെ കഴിഞ്ഞ ഓഗസ്റ്റ് 13ന് പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നും മറ്റും പറഞ്ഞ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു വെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാമിലെ കോഴികളെ നീക്കം ചെയ്യാമെന്ന് പഞ്ചായത്ത് അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കോഴിക്ക് 30 ദിവസത്തെ വളര്‍ച്ച പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച പരിസരവാസികളുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ അധികൃതര്‍ ഒഴിഞ്ഞു മാറുകയാണന്ന് നാട്ടുകാരായ വെള്ളാക്കുളം പൗലോസ്, ചെല്ലിശ്ശേരി സത്യന്, ചിറയില്‍ പുത്തന്‍പുര രാജന് എന്നിവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."