ജീവനക്കാരില്ല; 10 പാസഞ്ചര്‍ ട്രെയിനുകള്‍ മുടങ്ങി
തിരുവനന്തപുരം: ജീവനക്കാരില്ലാത്തതിനാല്‍ ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ ട്രെയിനുകളാണ് ലോക്കോ പൈലറ്റുമാരില്ലാത്തതിനാല്‍ ഇന്നലെ റദ്ദാക്കിയത്.
ഗുരുവായൂര്‍-തൃശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശൂര്‍- കോഴിക്കോട് പാസഞ്ചറും ഭാഗികമായി റദ്ദാക്കി. അറ്റകുറ്റപ്പണികള്ക്കുപുറമെ ജീവനക്കാരുടെ കുറവും ഇതിനു കാരണമായതായി റെയില്‍വേ സമ്മതിക്കുന്നു.
പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാസങ്ങളായി ട്രെയിനുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലൊന്നും ജീവനക്കാരുടെ കുറവ് റെയില്‍വേ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ അറ്റകുറ്റപ്പണിയില്ലാത്ത മേഖലകളിലെ ട്രെയിനുകള്‍പോലും റദ്ദാക്കേണ്ടിവന്നതോടെയാണ് ജീവനക്കാരുടെ കുറവ് റെയില്‍വേ അംഗീകരിക്കാന്‍ തയാറായത്. പ്രളയത്തില്‍ ജീവനക്കാരില്‍ പലരുടെയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിനാല്‍ അവര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ കഴിയാത്തതും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.
പ്രളയബാധിത പ്രദേശങ്ങളില്‍ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. തിരുവനന്തപുരം ഡിവിഷനില്‍ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികകളാണുള്ളത്. ഇതില്‍ 420 പേര് മാത്രമാണ് നിലവിലുള്ളത്. 10 പേര് സ്വയംവിരമിക്കലിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."