അന്യായമായി പോക്‌സോ ചുമത്തി; ആദിവാസി യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: അന്യായമായി പോക്‌സോ കുറ്റം ചുമത്തിയ കേസില്‍ ആദിവാസി യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു പൊലിസ് പോക്‌സോ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം കിളിമാനൂര്‍ ആദിവാസി കോളനിയിലെ ശ്യാം സുധീഷ് അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ടി.വി അനില്‍കുമാര്‍ ജാമ്യം അനുവദിച്ചത്.
2018ല്‍ ആദിവാസി ഗോത്രാചാര പ്രകാരം ശ്യാം സുധീഷ് വിവാഹിതനായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയില്‍ ഭാര്യയെ പ്രവേശിപ്പിച്ചപ്പോള്‍ കല്ല്യാണം നടന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ പൊലിസിനെ വിവരമറിയിക്കുകയും മാര്‍ച്ച് 21ന് ശ്യാമിനെ കിളിമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍, വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം കഴിച്ചതാണെന്നും ഒരുമിച്ച് ജീവിക്കുന്നതാണെന്നും അതിനാല്‍ വിട്ടയക്കണമെന്നു ആവശ്യപ്പെട്ടിട്ടും പൊലിസ് തയാറായില്ലെന്നും ഹരജിയില്‍ പറയുന്നു.
നിയമങ്ങള്‍ സമൂഹത്തിന്റെ നന്‍മക്കാവണമെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അകാരണമായി അറസ്റ്റ് ചെയ്ത് ജയിലടച്ച നടപടി മനുഷ്യത്വ രഹിതവും മനുഷ്യവകാശ ലംഘനവുമാണെന്ന ഹരജി ഭാഗം വാദം അംഗീകരിച്ച കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."