പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം
കോഴിക്കോട്: ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറോളം ഉദ്യോഗസ്ഥര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിക്കാത്തതില്‍ ഗൂഢാലോചന നടന്നതായി ആക്ഷേപം.
കള്ളവോട്ട്, പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റ് വോട്ട് വിവാദങ്ങള്‍ക്കു പിന്നാലെയാണ് കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് ഇ.ഡി.സി ലഭിക്കാത്തതിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്ന വാര്‍ത്ത പുറത്തുവരുന്നത്.
കോഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ മാത്രം 52 ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടുചെയ്യാന്‍ കഴിയാതെ വന്നത്. മറ്റു മണ്ഡലങ്ങളിലും കൂടുതല്‍ പേര്‍ വോട്ടവകാശം നിഷേധിച്ചുവെന്ന പരാതിയുമായി രംഗത്തുവരുന്നുണ്ട്. പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി നല്‍കേണ്ട ഇ.ഡി.സി കൃത്യസമയത്ത് ലഭിക്കാത്തതിനാലാണ് പലര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നത്.
കൊടുവള്ളി മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ ഇ.ഡി.സി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ബാലുശേരി മണ്ഡലത്തിലേക്ക് മാറി അയച്ചുവെന്നാണ് വിശദീകരണം.
യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥരുടെ ഇ.ഡി.സികളാണ് ഇത്തരത്തില്‍ മാറ്റി അയച്ചിരിക്കുന്നത്. എന്നാല്‍ ഇത് പിഴവല്ലെന്നും ബോധപൂര്‍വമായി മാറ്റി അയച്ചുവെന്നുമാണ് യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥന്‍മാര്‍ പറയുന്നത്. സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയൊന്നുമെടുത്തിട്ടില്ലെന്നും കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ ഇ.ഡി.സി കിട്ടാത്ത കാര്യം കലക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ഇ.ഡി.സി വൈകുന്നുവെന്ന് വ്യക്തമായപ്പോള്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അപേക്ഷ നല്‍കിയിട്ടും കൃത്യസമയത്ത് ലഭ്യമാക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. നിലവില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ 'ഇ.ഡി.സി നിഷേധിക്കപ്പെട്ടവര്‍' എന്ന പേരില്‍ വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സമാന അവസ്ഥയിലുള്ള നിരവധി പേര്‍ ഗ്രൂപ്പില്‍ പുതുതായി ഇപ്പോഴും അംഗങ്ങളായി ചേരുന്നുണ്ട് എന്നത് കൂടുതല്‍ പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന തെളിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."