നവകേരളം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരുമാസത്തെ ശമ്പളം നല്‍കും
കണ്ണൂര്‍: നവകേരളം പണിയാന്‍ ഒരു മാസത്തെ വരുമാനം നല്‍കുകയെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനക്ക് ജില്ലയില്‍ മികച്ച പ്രതികരണം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സമ്മതപത്രം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ ആകെ 430ലേറെ ഡോക്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരെല്ലാം ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായി ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫിസുകളിലായി ഉള്ളത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇവര്‍ ആദ്യ ഗഡു ഓഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കി.
ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കുന്നതിനുള്ള സമ്മതപത്രം കഴിഞ്ഞദിവസം മന്ത്രി ഇ.പി ജയരാജനെ ഏല്‍പ്പിച്ചിരുന്നു. ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."