മുങ്ങിയത് മത്സ്യഫാം മാത്രമായിരുന്നില്ല..!
ചാലക്കുടി: അലങ്കാര മത്സ്യഫാം പ്രളയം കവര്‍ന്നതോടെ ഇനി എന്തെന്നറിയാതെ ദമ്പതികള്‍. തോട്ടവീഥിയില് കെ.എസ് ജോര്‍ജ്-അനിത ദമ്പതികള്‍ പതിറ്റാണ്ടായി നടത്തിവന്നിരുന്ന എയ്ഞ്ചല്‍ ഫാമാണ് പൂര്‍ണമായും പ്രളയത്തില്‍ നശിച്ചത്. 35,000 ത്തിലധികം അലങ്കാര മത്സ്യങ്ങളാണ് പ്രളയത്തില്‍ നശിച്ചത്. 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഇവര്‍ക്ക് ഉണ്ടായത്. ഇതിന് പുറമെ ഫാമിലെ പത്ത് ലക്ഷം രൂപയുടെ ഉപകരണങ്ങളും നശിച്ചു.
വീടിനോട് ചേര്‍ന്നാണ് ഫാമും ബ്രീഡിങ് ടാങ്കുകളും സജ്ജീകരിച്ചിരുന്നത്. അലങ്കാര മത്സ്യ ഇനത്തില്‍പ്പെട്ട റെഡ് ഓസ്ക്കാര്‍ മത്സ്യത്തിന്റെ ബ്രീഡിങ്ങും വിപണനവുമാണ് ഇവിടെ നടന്നിരുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ക്ക് പുറമെ ചെന്നൈയിലേക്കും ഇവിടെ നിന്ന് മത്സ്യങ്ങളെ കയറ്റി അയച്ചിരുന്നു. അലങ്കാര മത്സ്യങ്ങളുടെ ബ്രീഡിങ്ങിന് ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ച ഫാം കൂടിയാണിത്.
കഴിഞ്ഞ ഓഗസ്റ്റ് 14ന് റോഡ് വരെ വെള്ളം കയറി. 15, 16 തിയതികളില്‍ വെള്ളം വീട്ടിലേക്ക് കയറി. തുടര്‍ന്ന് അനിത ദുരിതാശ്വാസ ക്യാംപിലേക്ക് മാറുകയും ഭര്‍ത്താവ് ജോര്‍ജ് സമീപത്തെ ബന്ധുവീടിന്റെ രണ്ടാം നിലയില്‍ തങ്ങി. എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അടുത്തദിവസം തന്നെ ജോര്‍ജിനെ വഞ്ചിയില്‍ രക്ഷപ്പെടുത്തുകായായിരുന്നു. ചാലക്കുടി പുഴക്ക് സമീപത്താണ് ഇവരുടെ വീടും ഫാമും.
ഫാമിലെ ടാങ്കില്‍ സൂക്ഷിച്ചിരുന്ന അലങ്കാര മത്സ്യങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ ഒഴുകി പോയി. ഫാം പുനര്‍ നിര്‍മിച്ചെങ്കിലേ പ്രവര്ത്തനമാരംഭിക്കാനാകൂ. എന്നാല്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."