വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല; പ്രതിഷേധവുമായി ജനങ്ങള്‍
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന വൈദ്യുതി ഉള്‍പ്പെടെയുള്ളവ പുനഃസ്ഥാപിക്കാന്‍ എടുക്കുന്ന കാലതാമസം ഒഡിഷയില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ഇടയാക്കുന്നു. 43 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരമേഖലയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് തടസപ്പെട്ട വൈദ്യുതി പുനഃസ്ഥാപിക്കാന്‍ പലയിടത്തും കഴിഞ്ഞിട്ടില്ല. ഇതാണ് സംസ്ഥാനത്ത് സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് ഇടയാക്കുന്നത്.
കേന്ദ്രപ്പാറ, ജഗത്സിങ്പൂര്‍, കട്ടക്ക് ജില്ലകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അവകാശവാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ പാരദീപ്, കട്ടക്ക് ഭാഗങ്ങളില്‍ ജനങ്ങള്‍ ദേശീയ പാത ഉപരോധിച്ചു. ഭുവനേശ്വറിനെയും പുരിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ദേശീയ പാത ഇിതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റും കനത്ത മഴയും 14 ജില്ലകളിലെ 1.5 കോടി ജനങ്ങളെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തുന്നത്. വൈദ്യുതി, വാര്‍ത്താ വിനിമയം എന്നിവ പൂര്‍ണമായും തകര്‍ക്കപ്പെട്ടു.
ഫോനിയുടെ ആഘാതം കഴിഞ്ഞ് എട്ടു ദിവസമായിട്ടും തകര്‍ന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ പൂര്‍ണതോതില്‍ വിജയത്തിലേക്ക് എത്താനായിട്ടില്ല.
4.5 ലക്ഷം വൈദ്യുതി ഉപഭോക്താക്കളില്‍ പകുതിപേര്‍ക്ക് പോലും വൈദ്യുതി പുനഃസ്ഥാപിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ വൈദ്യുതി ഓഫിസുകള്‍ക്കു നേരെ ആക്രണം നടത്തുന്നതും പതിവായിട്ടുണ്ട്. ഇതിനാല്‍ വൈദ്യുതി ഓഫിസുകള്‍ക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങളില്‍ നിന്ന് രക്ഷതേടി കേന്ദ്ര ഇലക്ട്രിസിറ്റി സപ്ലൈ യൂനിറ്റ് ഓഫിസ് അടച്ച് ജീവനക്കാര്‍ രക്ഷപ്പെടുകയായിരുന്നു.
ഫോനിയെ തുടര്‍ന്ന് 1.56 ലക്ഷം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. അതേസമയം ഭുവനേശ്വര്‍ നഗരത്തിലെ വൈദ്യുതി ബന്ധം രണ്ടു ദിവസത്തിനകം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സഞ്ജയ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."