മൃഗസംരക്ഷണ മേഖലയില്‍ വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തണം: മന്ത്രി കെ. രാജു
ആലപ്പുഴ: പ്രളയബാധിത മേഖലയില്‍ മൃഗസംരക്ഷണ ക്ഷീരവികസന ഉദ്യോഗസ്ഥരെത്തി മൂന്ന് ദിവസത്തിനകം വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തണമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു പറഞ്ഞു. ആലപ്പുഴയില്‍ മൃഗസംരക്ഷണ ക്ഷീരവികസന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചത്തേയ്ക്കുകൂടി കാലിത്തീറ്റ സൗജന്യമായി നല്‍കുന്നതിന് ജില്ലയില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയാനന്തര സാഹചര്യം പരിഗണിച്ച് ക്ഷീരമേഖലയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതികളില്‍ അനിവാര്യമല്ലാത്തവ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളിലേക്കു വഴി തിരിച്ചു വിടും. ഈമേഖലയില്‍ നഷ്ടം വന്നവരെ കൈപിടിച്ചുയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയബാധിതരായ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് വിവിധ പരിപാടികളാണ് വകുപ്പ് ആലോചിക്കുന്നത്. പശുക്കള്‍ നഷ്ടമായവര്‍ക്ക് പകരം പശുവല്ലെങ്കില്‍ പണമെന്നത് ആലോചനയിലുണ്ട്. നിലവിലെ കേന്ദ്രസഹായവും സി.എം.ഡി.ആര്‍.എഫും ചേര്‍ത്താണ് പശു നഷ്ടമായവര്‍ക്ക് 30,000 രൂപ സഹായധനം നല്‍കുന്നത്. ഇത് നഷ്ടപരിഹാരമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ സംസ്ഥാനത്ത് 9,000 പശുക്കള്‍ നഷ്ടമായതിന് ഓരോന്നിനും ഈ തുക നല്‍കുമ്പോള്‍ മോശമല്ലാത്ത ഒരു സഹായമാണ്. സംഘങ്ങളില്‍ പാലളക്കാത്ത ക്ഷീരകര്‍ഷകരെയും വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ക്കും സഹായം കിട്ടണമെന്നാണ് വകുപ്പിന്റെ താല്‍പ്പര്യമെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയിലെ എല്ലാവരും ഒന്നിച്ചുനിന്നാല്‍ മൂന്ന് മാസത്തിനകം ഇന്നത്തെ പ്രതിസന്ധിയില്‍നിന്ന് നമുക്ക് കരകയറാനാകും. ഒരാള്‍ക്ക് ഒന്നിലധികം ഏജന്‍സികളില്‍ നിന്ന് സഹായം ലഭിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഇതുവഴി പരമാവധി ആളുകള്‍ക്ക് സഹായമെത്തിക്കുക എന്നതാകണം ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുല്‍കൃഷിക്ക് പ്രാധാന്യം നല്‍കുന്ന രീതിയില്‍ ചില പദ്ധതികളില്‍ മാറ്റം വരുത്തും.
വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മില്‍മയുടെ നേതൃത്വത്തില്‍ പുല്ല് നല്‍കുന്നത് കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്. ജില്ലാതല ദുരന്ത നിവാരണ ഏകോപന സമതിയില്‍ മില്‍മയുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച മന്ത്രി ജില്ലയില്‍ നിന്നുള്ള മറ്റു നിര്‍ദേശങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഗണിക്കുമെന്നും അറിയിച്ചു.
യോഗത്തില്‍ മില്‍മ മേഖലാ ചെയര്‍മാന്‍ കല്ലട രമേശ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. സുനില്‍കുമാര്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയരക്ടര്‍ ശ്രീലത, മില്‍മ സീനിയര്‍ മാനേജര്‍ ഡോ. മുരളി, ദുരന്തനിവാരണ സമതി ചെയര്‍മാന്‍ ധ്യാനസുതന്‍, ശശികുമാര്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ എ. ഗീത മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."