മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു.വാജ്‌പേയ് മന്ത്രി സഭയില്‍ വിദേശകാര്യ പ്രതിരോധ മന്ത്രി ആയിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായിരുന്നു ജസ്വന്ത് സിംഗ്. കരസേനയിലെ ജോലി രാജിവെച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. 1980- 2014 വരെയുള്ള കാലയളവില്‍ പാര്‍ലമെന്റ് അംഗമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ ദേശീയ ആസൂത്രണക്കമ്മീഷന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
പാകിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെക്കുറിച്ച് അദ്ദേഹമെഴുതിയ പുസ്തകം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ജിന്ന; ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പുസ്തകം ഗുജറാത്തില്‍ നിരോധിച്ചിരുന്നു. പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ നിരോധിച്ചത്. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."