കെട്ടിട സാമഗ്രികളുടെ വില വര്‍ധന ഇടപാടുകാരെ വലയ്ക്കുന്നു
തലയോലപ്പറമ്പ്: ക്രഷറുകളില്‍ നിന്നുള്ള കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില വര്‍ധന തൊഴിലാളികളെയും ഇടപാടുകാരെയും വലയ്ക്കുന്നു.
ഒരടിക്ക് 20 രൂപ ഉണ്ടായിരുന്ന എം സാന്റ്, മെറ്റല്‍ എന്നിവയുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ പത്ത് രൂപ വര്‍ധിപ്പിച്ച് 30 രൂപയാക്കി. അന്‍പത് ശതമാനം വര്‍ധനയാണ് കോട്ടയം, എറണാകുളം ജില്ലകളിലെ ക്രഷറുടമകള്‍ പെട്ടെന്നു വരുത്തിയിട്ടുള്ളത്. നിത്യേനയുണ്ടാകുന്ന വിലയിലെ വ്യത്യാസം അംഗീകരിക്കാന്‍ പലപ്പോഴും ഇടപാടുകാര്‍ തയാറാകാറില്ല.
ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരിടപാടുകാരന് ഇറക്കുന്ന സാധനത്തിനു തന്നെ ലോഡൊന്നിന് നൂറുകണക്കിന് രൂപയുടെ വ്യത്യാസം ഉണ്ടാകുന്നു. ഇത് മിക്കയിടത്തും വാഹനത്തില്‍ സാധനമെത്തിക്കുന്ന തൊഴിലാളികളും ഇടപാടുകാരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. പല ക്രഷറുകളിലും സാധനങ്ങള്‍ക്ക് തോന്നിയ വിലയാണ് ഇടാക്കുന്നതെന്ന ആക്ഷേപവുമുണ്ട്. നിര്‍മാണ സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് പാസ് ആവശ്യമാണ്.
കൂടുതല്‍ ലോഡ് സാധനം എടുക്കുന്നവര്‍ക്ക് മാത്രമേ പാസ് നല്‍കൂവെന്ന് ക്രഷറുകാര്‍ വാശി പിടിക്കുന്നത് വാഹന ഉടമകള്‍ക്ക് മിക്കപ്പോഴും തിരിച്ചടിയാകുന്നു. നിര്‍മാണ വസ്തുക്കള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കണമെന്നും വില ഏകീകരിക്കണമെന്നും ഓരോ ലോഡിനും നിയമാനുസൃതമുള്ള പാസുകള്‍ നല്‍കണമെന്നുമുള്ള ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അടിയന്തരമായി അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ചരക്ക് വാഹന തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) തലയോലപ്പറമ്പ് ഏരിയാ പ്രസിഡന്റ് വി.ടി പ്രതാപനും സെക്രട്ടറി എ.കെ രജീഷും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."