മുഖ്യമന്ത്രി വീണ്ടും വിദേശത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈയില്‍ വീണ്ടും വിദേശത്തേക്ക്. ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലാണ് ജൂലൈയില്‍ സന്ദര്‍ശനം നടത്തുക.
നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ വിദേശത്തേക്ക് പറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നടപടികള്‍ ആരംഭിച്ചു. കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് ജപ്പാനിലേക്കും കൊറിയയിലേക്കും പോകുന്നതെന്നാണ് വിശദീകരണം.
ജപ്പാനില്‍ നിന്ന് വ്യവസായികളടങ്ങുന്ന സംഘം അടുത്തമാസം കേരളം സന്ദര്‍ശിക്കുന്നുണ്ട്. അതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ യാത്രാ തിയതി തീരുമാനിക്കുക.
സാങ്കേതികരംഗം, ഭക്ഷ്യ സംസ്‌കരണം, ഫിഷറീസ്, ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍, ഐ.ടി, ടൂറിസം രംഗങ്ങളില്‍ ജപ്പാനുമായുള്ള സാങ്കേതിക, സാമ്പത്തിക സഹകരണം സംസ്ഥാനത്തിനു നേട്ടമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
നഗരഗ്രാമ പ്രദേശങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കല്‍, വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം എന്നിവയിലും ജപ്പാന്റെ സഹകരണം പ്രതീക്ഷിക്കുന്നു.
കെ. ബിജു ഐ.എ.എസിനാണ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന പരിപാടികളുടെ മേല്‍നോട്ടച്ചുമതല. വിദേശ പ്രതിനിധികളുടെ സന്ദര്‍ശനത്തിന്റെ തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയുടെ ഓഫിസിനോടനുബന്ധിച്ച് സ്‌പെഷല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ വ്യക്തമാക്കുന്ന വിഡിയോ പ്രതിനിധി സംഘത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും.
സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനാണ് ഇതിന്റെ നിര്‍മാണചുമതല. ഇപ്പോള്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിലാണ് മുഖ്യമന്ത്രി. എട്ടിനാണ് യൂറോപ്പിലേക്ക് പോയത്. 17ന് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തശേഷം 20ന് തിരിച്ചെത്തും.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി.വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."