കൈയേറ്റം കണ്ടെത്താന്‍ പ്രത്യേക സര്‍വേസംഘത്തെ അനുവദിക്കണം
ചാവക്കാട്: ചാവക്കാട് മേഖലയിലെ തീരഭൂമിയില്‍ നടന്ന കയ്യേറ്റം കണ്ടെത്താന്‍ പ്രത്യേക സര്‍വേസംഘത്തെ അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം. പുന്നയൂര്‍, പുന്നയൂര്‍കുളം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഭൂമി കയ്യേറ്റ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരേ ഫലപ്രദമായി നടപടിയെടുക്കുവാന്‍ റവന്യു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് വികസന സമിതിയില്‍ സി.പി.ഐ പ്രതിനിധി പി.മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
ചാവക്കാട് തീരമേഖലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഫലപ്രദമായി തടയാന്‍ സര്‍വേ നടത്തി അതിരുകെട്ടിയിടണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു. താലൂക്കിലെ പൊതുകിണറുകള്‍ വ്യത്തിയാക്കി സംരക്ഷിക്കാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധിക്യതര്‍ യോഗത്തെ അറിയിച്ചു.
ജനകീയമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച് അതാതുപ്രദേശത്തെ ജനപ്രതിനിധികളെ അറിയിക്കണമെന്നും യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഗരുവായൂര്‍ പൊലിസ് സ്റ്റേഷന്റെ വിസ്തൃതി കണക്കിലെടുത്ത് പുതിയൊരു പൊലിസ് സ്റ്റേഷന്‍ പൂക്കോട്, കുരഞ്ഞിയൂര്‍ മേഖലകള്‍ കേന്ദ്രീകരിക്കണമെന്നും ഇതിന്റെ തുടക്കമെന്ന നിലയില്‍ പൊലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും കേരളകോണ്‍ഗ്രസ് പ്രതിനിധി തോമസ് ചിറമ്മല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുന്നയൂര്‍കുളം പഞ്ചായത്തിലെ എളിയങ്കാട്ട് കുളവും ഒരുമനയൂര്‍ പഞ്ചായത്തിലെ താമരകുളവും സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിച്ച് ജനങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കണമെന്ന് പി.മുഹമ്മദ് ബഷീര്‍ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷനായി. പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ്, ചാവക്കാട് അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി അംബ്രോസ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ടി.പി ഷാഹു, ടി.കെ റസാക്ക്, പി.സി മോളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."