ഇന്ത്യയിലെ നിഷ്‌ക്രിയ ആസ്തി മോദി സര്‍ക്കാരെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ നിഷ്‌ക്രിയ ആസ്തി മോദി സര്‍ക്കാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ രീതിയിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്ന സര്‍ക്കാരിനേക്കാള്‍ എപ്പോഴും നല്ലത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്തമായ കൂട്ടായ്മയില്‍ രൂപീകരിക്കപ്പെടുന്ന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം പൂര്‍ണ പരാജയമാണ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അവരുടെ പ്രഖ്യാപനങ്ങളെല്ലാം വാക്കുകളിലൊതുങ്ങുകയായിരുന്നു. സ്വപ്നങ്ങള്‍ വില്‍ക്കുകയാണ് മോദി ചെയ്യുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചത് സ്വപ്നങ്ങള്‍ വിറ്റാണ്. കേന്ദ്രത്തിന്റെ ഭരണത്തകര്‍ച്ച തുടങ്ങിയത് 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതുമുതലാണെന്നും സിബല്‍ വ്യക്തമാക്കി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുചേര്‍ത്ത് തന്ത്രപ്രധാനമായ ഒരു സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരത്തിലൊരു സഖ്യം രൂപീകരിക്കല്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് വിജയശേഷം ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കും.
രാജ്യത്തെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിലുള്ള വിശ്വാസ്യത പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."