കശ്മിരില്‍ പാക് ചാനലുകള്‍ ഉള്‍പ്പെടെ 34 ടി.വി ചാനലുകളുടെ സംപ്രേഷണം നിലച്ചു
ശ്രീനഗര്‍: കശ്മിരില്‍ പാകിസ്താന്‍, സഊദി ചാനലുകള്‍ ഉള്‍പ്പെടെ 34 ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം നിലച്ചു. അനധികൃതമായി സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസം ജമ്മു കശ്മിര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ ഗോയല്‍ ഒപ്പുവച്ചതിനെ തുടര്‍ന്നാണ് ചാനലുകളുടെ സംപ്രേഷണം നിലച്ചത്.
കശ്മിരില്‍ ആക്രമണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ക്രമസമാധാന നില തകര്‍ക്കുകയും ചെയ്യുന്ന തരത്തിലാണ് ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് കേബിള്‍ ടി.വി നിയമങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് സര്‍ക്കാര്‍ ചാനലുകള്‍ നിരോധിച്ചത്.
നിരോധനം ലംഘിച്ച് സംപ്രേഷണം തുടരുന്ന ചാനലുകളുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാനലുകള്‍ ഇന്ത്യാവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി കേന്ദ്ര വാര്‍ത്താ വിനിമയ- വിതരണ മന്ത്രി എം. വെങ്കയ്യ നായിഡു സംസ്ഥാന സര്‍ക്കാരിനെ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
സാക്കിര്‍ നായികിന്റെ ഉറുദുവിലും ഇംഗ്ലീഷിലുമുള്ള പീസ് ടി.വിയും നിരോധിച്ച ചാനലുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ആരി, പി.ടി.വി, ജി.ഇ.ഒ, കര്‍ബല ടി.വി, അഹലെ ബൈത് ടി.വി, നൂര്‍ ടി.വി, ഹാദി ടി.വി എന്നിവയാണ് നിരോധിക്കപ്പെട്ട പ്രധാന ചാനലുകള്‍. ഒരു സ്‌പോര്‍ട്‌സ് ചാനല്‍, രണ്ട് പാചക ചാനലുകള്‍, ഒരു സംഗീത ചാനല്‍ എന്നിവയും നിരോധിച്ച കൂട്ടത്തിലുണ്ട്.
കഴിഞ്ഞ മാസം ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള 22 സാമൂഹിക മാധ്യമങ്ങള്‍ കശ്മിരില്‍ നിരോധിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."