ചൈന ജെ.എഫ്-17 യുദ്ധവിമാനം പാകിസ്താന് കൈമാറി
ബെയ്ജിങ്: പാക് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി ആദ്യ വിവിധോദ്ദേശ്യ ജെ.എഫ്-17 യുദ്ധവിമാനം കേടുപാടുകള്‍ തീര്‍ത്ത് ചൈന പാക്കിസ്താന് കൈമാറി. ഇരു രാജ്യങ്ങളും തമ്മില്‍ പത്തുവര്‍ഷമായി നിലനില്‍ക്കുന്ന വിമാന നിര്‍മാണ-വികസന പദ്ധതിയുടെ ഭാഗമായാണിത്. ഇത്തരം ഏക എന്ജിന് ജെറ്റുകളുടെ ആദ്യ ബാച്ച് 2007ല്‍ കൈമാറിയിരുന്നു.
എന്നാല്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കുന്നത് 2017ലാണ് തുടങ്ങിയത്. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാങ്ഷ 5712 വിമാന വ്യവസായ സ്ഥാപനമാണ് വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് വിമാനം പാകിസ്താന് നല്‍കുന്നത്.
പാകിസ്താന്റെ പത്തിലേറെ പ്രതിഭകള്‍ നിര്‍മാണത്തില്‍ സഹകരിക്കാനായി ചൈനയിലുണ്ട്. പാകിസ്താന് ആയുധങ്ങള്‍ വില്‍ക്കുന്ന പ്രധാന രാജ്യമാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധവിമാന കൈമാറ്റം. നാല് നൂതന യുദ്ധക്കപ്പലുകള്‍ പാകിസ്താന് വേണ്ടി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് ചൈന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."