കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസരത്തെ വാഹനത്തിരക്ക് പൊറുതിമുട്ടി രോഗികളും വഴിയാത്രക്കാരും
കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വാഹനത്തിരക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമാവുന്നു.
കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും ആശുപത്രിക്കു മുന്നിലായാണ് കൃത്യതയില്ലാതെ ഇരുചക്രവാഹനങ്ങളും കാറുകളുമടക്കം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതിനിടയിലൂടെ വേണം രോഗികള്‍ക്കും ആശ്രിതര്‍ക്കും വഴിയാത്രക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി റോഡിന്റെ മറുഭാഗത്തെത്താന്‍.
കുന്നുമ്മല്‍ ബ്ലോക്കിനു കീഴിലെ ഏഴോളം പഞ്ചായത്തുകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രി പരിസരത്ത് ഒരു ബസ് കാത്തിരിപ്പു കേന്ദ്രം പോലുമില്ല. നേരത്തെ ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു. ആശുപത്രിക്കു സമീപത്തെ നടപ്പാതയിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്.
നടപ്പാതയുടെ വലിയൊരു ഭാഗം കൈയേറി സാധനങ്ങള്‍ കയറ്റിവയ്ക്കുന്നതും കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു.
പൊതുവെ തിരക്കേറിയ സംസ്ഥാന പാതയില്‍ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈനും വരച്ചിട്ടില്ല.
പൊലിസ് സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകളെ നോക്കുകുത്തിയാക്കി ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ തിരക്കുകാരണം രോഗികളുമായി വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ആശുപത്രി പരിസരത്തെ അനധികൃത വാഹന പാര്‍ക്കിങ് അവസാനിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തര നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."