ബി.ജെ.പിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി
പെര്‍ള: എന്‍മകജെ പഞ്ചായത്തില്‍ ബി.ജെ.പിയ്ക്ക് വീണ്ടും തിരിച്ചടി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരേ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരേ ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതി തള്ളി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 22ന് നടക്കും.
പഞ്ചായത്തിലെ വികസന മുരടിപ്പും ഏകാധിപത്യ ഭരണം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ട്, വൈസ് പ്രസിഡന്റ് കെ. പുട്ടപ്പക്കെതിരെയും യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗം വൈ. ശാരദയും മുസ്‌ലിം ലീഗിലെ സിദ്ദീഖ് വളമുഗറുവും അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്‍മേലുള്ള ചര്‍ച്ചയും വോട്ടേടുപ്പും കഴിഞ്ഞ മാസം എട്ട്, ഒന്‍പത് തിയതികളില്‍ നടന്നിരുന്നു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ.പിയിലെ രൂപവാണി ആര്‍ ഭട്ടും കെ. പുട്ടപ്പയും തല്‍സ്ഥാനങ്ങളില്‍നിന്നും പുറത്തായിരുന്നു.
പഞ്ചായത്ത് രാജ് ആക്ട് 157 (3), 157 (4) വകുപ്പുകള്‍ അനുശാസിക്കുന്ന വിധം അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടത്തണമെങ്കില്‍ ഇതു സംബന്ധിച്ച് അംഗങ്ങള്‍ക്ക് നോട്ടിസ് ലഭിച്ച് ഏഴ് പ്രവൃത്തി ദിവസം പൂര്‍ത്തീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്നും എന്നാല്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് വ്യത്യസ്തമായ തിയതികളിലാണ് നോട്ടിസ് ലഭിച്ചതെന്ന വാദം ഉന്നയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്ന് അവിശ്വാസ പ്രമേയം താല്‍ക്കാലികമായി തടയുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കമ്മിഷന് മുന്‍പാകെ ഹാജരാക്കണമെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൂടിയായ കെ. അബ്ദുല്ലയോട് ആവശ്യപ്പെട്ടിരുന്നു.
രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ദിവസം മുന്‍പ് റജിസ്‌ട്രേഡ് തപാല്‍ വഴി നോട്ടിസ് അയച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് ബി.ജെ.പി അംഗങ്ങളുടെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മിഷന്‍ ഉത്തരവിറക്കി. പഞ്ചായത്തില്‍ ബി.ജെ.പി- ഏഴ്, യു.ഡി.എഫ്- ഏഴ്, സി.പി.എം- രണ്ട്, സി.പി.ഐ- ഒന്ന് എന്നിങ്ങിനെയാണ് കക്ഷിനില. നേരത്തെ വോട്ടേടുപ്പില്‍നിന്ന് എല്‍.ഡി.എഫ് വിട്ടു നിന്നതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. വരുന്ന വോട്ടെടുപ്പില്‍ യു.ഡി.എഫിനെ എല്‍.ഡി.എഫ് പിന്തുണച്ചാല്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."