മൂന്ന് കിലോ കഞ്ചാവുമായി ബി.ബി.എ വിദ്യാര്‍ഥി പിടിയില്‍
അരൂര്‍: മൂന്ന് കിലോ കഞ്ചാവുമായി ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥി പൊലിസ് പിടിയില്‍. വയനാട് മാനന്തവാടി മക്കിയാട് മുപ്രാപ്പള്ളി വീട്ടില്‍ അനീഷ് മാത്യു (22) ആണ് പിടിയിലായത്.
ബംഗലൂരുവിലെ ഗാര്‍ഡന്‍സിറ്റി യൂനിവേഴ്സിറ്റിയില്‍ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയാണ് അനീഷ്. ആലപ്പുഴ ആന്റി നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി അഹമ്മദ് കബീര്‍ റാവുത്തറിന് ലഭിച്ച രഹസ്യ സന്ദേശത്തേത്തുടര്‍ന്ന് അരൂര്‍ എസ്.ഐ ടി.എസ് റനീഷും സംഘവും ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് അരൂര്‍ ക്ഷേത്രം കവലയില്‍ വച്ച് ഇയാളെ പിടികൂടിയത്.
നാലോ അഞ്ചോ പേര് ചേര്‍ന്ന് ഒരു മുറിയെടുത്ത് അവിടെ താമസിച്ചാണ് കേരളത്തിലെ ആവശ്യക്കാര്‍ക്ക് കഞ്ചാവ് നേരിട്ട് എത്തിക്കുന്നത്. 30000 രൂപക്കാണ് ബംഗലൂരുവില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് വാങ്ങിയത്. ഇത് കേരളത്തില്‍ എത്തിച്ച് മറിച്ചുവില്‍ക്കുന്നത് അറുപത്തിഅയ്യായിരം രൂപക്കാണ്.
കഞ്ചാവ് വില്‍പ്പനയില്‍ വന്‍ലാഭം ലഭിക്കുന്നതിനാല്‍ ബംഗലൂരുവില്‍ പഠിക്കുന്നതിനായി എത്തുന്ന കുട്ടികളില്‍ ഇത്തരം മയക്കുമരുന്ന് വില്‍പ്പന കണ്ടുവരുന്നതായി പൊലിസ് പറയുന്നു. ഇടപ്പള്ളി, പൂച്ചാക്കല്‍, വടുതല പ്രദേശങ്ങളില്‍ ഇയാള്‍ക്ക് സുഹൃത്തുക്കളുള്ളതായി പറയുന്നു.
ജില്ലാ പൊലിസ് മേധാവി വി.എം.മുഹമ്മദ് റഫീക്കിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ ഓപറേഷന് ഗ്രൂപ്പ് അംഗങ്ങളായ നിസാര്‍, സേവ്യര്‍, അരുണ്‍, ടോണി, എബിന്, വൈശാഖ്, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."