കരള്‍ രോഗമെന്ന് വിധിയെഴുതി സ്വകാര്യലാബ്; നിഷേധിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍
ഹരിപ്പാട്: മാരക രോഗമുണ്ടെന്ന് തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ യുവാവിനു ലഭിച്ച വിദേശ ജോലി നഷ്ടപ്പെട്ടു. മുതുകുളം ചൂളത്തെരുവ് പ്രസന്ന ഭവനത്തില്‍ പ്രതീഷ് പ്രസന്നനാണ് കുവൈറ്റില്‍ ലഭിച്ച മികച്ച ജോലി തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ടത്.
കുവൈറ്റ് സര്‍ക്കാറിന്റെ അംഗീകാരമുള്ള എറണാകുളം രവിപുരത്തുള്ള മെഡിവിഷന്‍ സ്‌കാന്‍ ആന്‍ഡ് ഡയഗനോസ്റ്റിക് റിസര്‍ച്ച് സെന്ററിന്റെ ലബോറട്ടറിയില്‍ മാര്‍ച്ച് 19നാണ് പ്രതീഷ് പ്രസന്നന്‍ വൈദ്യ പരിശോധനക്കെത്തിയത്. മാരകമായ മഞ്ഞപ്പിത്ത രോഗബാധയുള്ളതിനാല്‍ അയോഗ്യത കല്‍പ്പിച്ചു കൊണ്ടുള്ള പരിശോധന റിപ്പോര്‍ട്ടാണ് മെഡിവിഷന്‍ ലാബില്‍ നിന്നും നല്‍കിയത്.
കരളിനെ ഗുരുതര രോഗം ബാധിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയ പ്രതീഷിന് ജീവിതത്തില്‍ ഒരിക്കല്‍പ്പോഴും മഞ്ഞപ്പിത്തരോഗബാധ ഉണ്ടായിട്ടില്ലെന്നും പരിശോധനയില്‍ അപാകത ഉണ്ടായിട്ടുണ്ടെന്നും അറിയിച്ചു. ഒരുപക്ഷേ സാമ്പിള്‍ മാറിയതാവാം എന്ന സംശയവും പ്രകടിപ്പിച്ചു.
മാരകരോഗം സ്ഥിരീകരിക്കുന്നതിനുമുമ്പായി ഒരു തവണ കൂടി ഫീസടയ്ക്കാം. തന്റെ ജീവിതം തകര്‍ക്കരുതേ എന്ന് ലാബ് അധികൃതരോട് അപേക്ഷിച്ചു. വളരെ നാള്‍ കുവൈറ്റില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചശേഷം ലഭിച്ച പുതിയ വിസയാണെന്നും തെറ്റായ റിപ്പോട്ടാണ് നിങ്ങള്‍ തരുന്നതെങ്കില്‍ എന്റെ കുടുംബ ജീവിതം വഴിമുട്ടുമെന്നു പറഞ്ഞിട്ടും പുനപരിശോധനയ്ക്ക് തയാറാകാതെ പ്രതിഷിനെ ലാബ് അധികൃതര്‍ പുുറത്താക്കുകയായിരുന്നു.
മാനസികമായി തകര്‍ന്ന് വീട്ടിലെത്തിയ പ്രതിഷിനെ ബന്ധുക്കള്‍ ഹരിപ്പാട് ഗവ. ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി.
അവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മെഡിവിഷന്‍ ലാബിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും തെളിയിക്കുന്ന ഫലമാണ് ലഭിച്ചത്. പ്രതീഷിന് രോഗം ബാധിച്ചിട്ടില്ലെന്നും പൂര്‍ണ ആരോഗ്യ വാനാണെന്നുമുള്ള റിപ്പോര്‍ട്ടാണ് ലഭിച്ചിട്ടുള്ളത്.
വിദേശ ജോലിക്കു പോകുന്നവരുടെ മെഡിക്കല്‍ പരിശോധനയുടെ കുത്തകയുള്ള വന്‍കിട ലാബുകള്‍ തുടരുന്ന നിരുത്തരവാദ സമീപനം കാരണം നൂറുകണക്കിനു ഉദ്യോഗാര്‍ഥികളുടെ ജീവിതമാണ് ദുരിതത്തിലാക്കുന്നത്. ഗുരുതര രോഗ ബാധയെന്നു സ്ഥിരീകരിക്കുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി പരിശോധിച്ചു കുറ്റമറ്റ നിലയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാതിരുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് വഴിയാധാരമാക്കിയത്. ഇനിയൊരു തൊഴിലന്വേഷകനും തനിക്കുണ്ടായ ദുര്‍ഗതി ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീഷ് പ്രസന്നന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."