ജനറിക് നാമംഅനാവശ്യധൃതി പാടില്ല
ആദ്യം നയം വ്യക്തമാക്കിയിട്ടു കാര്യത്തിലേക്കു കടക്കാം. അഴിമതിരഹിത ആരോഗ്യസംരക്ഷണത്തിനായി ഇന്ത്യയില്‍ ഏതു സര്‍ക്കാര്‍ നിസ്വാര്‍ഥമായി ജനറിക് നാമം നിര്‍ബന്ധമാക്കുന്നുവോ അതിനെ ദോഷൈകദൃക്കുകളല്ലാത്തവരെല്ലാം രണ്ടുകൈയുമുയര്‍ത്തി സ്വാഗതം ചെയ്യുകതന്നെ ചെയ്യും. ഡോക്ടര്‍മാരും ഇതിന് അപവാദമായിക്കൂടാ.
എന്നാല്‍, കഴിഞ്ഞ കുറേമാസമായി 'കാളപെറ്റെന്നു കേട്ടാല്‍ കയറുമായി പിന്നേപായുന്ന' നടപടികളും പിടിവാശികളുമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിക്കൊണ്ടിരിക്കുന്നത്. മരുന്നുകളുടെ ജനറിക് നാമ നിബന്ധനയുടെ കാര്യത്തിലും നയം വ്യത്യസ്തമല്ല.
അര്‍ധരാത്രിയിലെ പ്രഖ്യാപനത്തിലൂടെ നടത്തിയ നോട്ട് അസാധുവാക്കല്‍ ദുരന്തത്തില്‍നിന്നു സാധാരണക്കാരന്‍ ഇപ്പോഴും കരകയറിയിട്ടില്ല. 'സാധാരണക്കാരന്റേതു മാത്രമെന്ന' കൊട്ടിഘോഷിച്ചിരുന്ന ഭാരതീയ സ്റ്റേറ്റ് ബാങ്ക് ഇന്നു മറ്റു ബാങ്കുകളെ ഞെക്കിക്കൊന്നു സാധാരണക്കാരന്റെ സമ്പാദ്യമൊക്കെ സ്വന്തം ഭണ്ഡാരത്തിലൊതുക്കി അടച്ചുപൂട്ടിയിരിക്കുകയാണ്. സ്വകാര്യബാങ്ക് എ.ടി.എമ്മുകളില്‍ സുലഭമായി പണമുള്ളപ്പോള്‍ 'സാധാരണക്കാരന്റെ സ്വന്തം ബാങ്കിന്റെ' എ.ടി.എം മിക്കപ്പോഴും കാലിയാണ്. അനാവശ്യസേവനനികുതി നല്‍കി സ്വന്തംസമ്പാദ്യംനിത്യവൃത്തിക്ക് എടുക്കേണ്ട ഗതികേടിലാണ് താഴ്ന്നവരുമാനക്കാരും താഴ്ന്ന തുക നിക്ഷേപകരും.
ബി.എസ്.എന്‍.എല്‍ എന്ന ഭാരതീയ സര്‍ക്കാര്‍ മേല്‍കോയ്മയുള്ള കമ്പനിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വമെന്നു സേവനത്തിന്റെ കാര്യത്തില്‍ കെടുകാര്യസ്ഥത പ്രകടിപ്പിക്കുന്നു. നിലവാരമുള്ള സേവനം നല്‍കാതെ മാസങ്ങളോളം ഉപഭോക്താവിനെ പിഴിഞ്ഞ് അവനെ നിരാശിതനും ശത്രുവുമാക്കി സ്വകാര്യകമ്പനിയുടെ കൈവെള്ളയില്‍ എത്തിച്ചുകൊടുക്കുകയാണ്. രാഷ്ട്രപുനര്‍നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാകാന്‍ ബി.എസ്.എന്‍.എല്‍ വരിക്കാരാകൂയെന്നു പറയുന്ന അതേ ഘട്ടത്തില്‍ത്തന്നെ സ്വകാര്യമേഖലയെ തഴുകിക്കൊണ്ടിരിക്കുന്നു.
ഇതേ ഇരട്ടത്താപ്പുനയം തന്നെയാണു മരുന്നുകളുടെ ജനറിക് നാമ നിബന്ധനയ്ക്കു പിന്നിലുമെന്നു ന്യായമായും സംശയിച്ചുപോകും. ജനറിക് നാമം എഴുതിയില്ലെങ്കില്‍ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന നിയമംകൊണ്ടുവരുന്നതിനു മുന്‍പ് എല്ലാ ജനറിക് നാമങ്ങളിലും ലാഭേച്ഛ കൂടാതെ നൂറുശതമാനം ഗുണനിലവാരമുള്ള മരുന്നു ലഭിക്കുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. നാട്ടിലെ ഏതു മുക്കിലും മൂലയിലുമുള്ള കൗണ്ടണ്ടറുകളിലും എളുപ്പത്തില്‍ കിട്ടാവുന്ന സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍മിച്ചതോ സര്‍ക്കാര്‍ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിര്‍മിച്ചതോ ആയ ഉപഭോക്തൃസൗഹൃദ ജനറിക് മരുന്നുകള്‍ ലഭ്യമാക്കിയശേഷമാണ് ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിന്തിക്കാവൂ.
'ജനൗഷധി' എന്ന പേരിലുള്ള ഒരു ജനറിക് നാമ മരുന്നുദാതാവിനു മാത്രം ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള സകല മരുന്നുകൗണ്ടണ്ടറുകളിലും നിലവാരമുള്ള മരുന്നു ലഭ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ മുന്നൊരുക്കവും പാലിച്ചു ഘട്ടംഘട്ടമായി നടപ്പാക്കേണ്ടണ്ട നല്ല പരിഷ്‌കാരങ്ങള്‍ തീര്‍ത്തും ഗൃഹപാഠമില്ലാതെ എടുത്തുചാട്ടത്തോടെ നടപ്പാക്കുന്നിടത്താണു കുഴപ്പം.
മരുന്നുനിര്‍മാണമേഖല 'ചക്കരക്കുടം' ആണെന്നത് എല്ലാവര്‍ക്കും അറിയുന്ന പരമാര്‍ത്ഥമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് പതിനായിരം രൂപ മുതല്‍ മുടക്കില്‍ തുടങ്ങിയ ഒരു കമ്പനി ഇന്ന് ഈ രംഗത്തെ ശതകോടിപതിയായ ഉടമയുടെ കാമധേനുവാണ്. 'പാരസിറ്റമോള്‍' പോലെ നിത്യേന വന്‍തോതില്‍ ഉപയോഗമുള്ള മരുന്നുകള്‍ക്കുപോലും ഭരണകൂട ഒത്താശയാല്‍ കാക്കത്തൊള്ളായിരം ബ്രാന്‍ഡ് നാമങ്ങളുണ്ട്. ഇതില്‍ നിലവാരമുള്ളവയും ചോക്കുപൊടിക്കു സമാനമായ 'ചാത്തന്‍കമ്പനി' ഉല്‍പന്നങ്ങളുമുണ്ടണ്ട്. പാരസിറ്റമോള്‍ എന്ന ജനറിക് നാമം ഡോക്ടര്‍ എഴുതിയാല്‍ ലാഭത്തില്‍ കണ്ണുവച്ച മരുന്നുവില്‍പ്പനക്കാരന്‍ നല്‍കുന്നത് ചാത്തന്‍കമ്പനിയുടെ ഗുളികയായിരിക്കും.
ജനറിക് നാമം എഴുതിയാല്‍ മതിയെന്നു നിഷ്‌കര്‍ഷിക്കുന്നതിനു മുന്‍പ് വിപണിയിലെ സകലബ്രാന്‍ഡുകളും നിരോധിച്ച് പകരം, ചില വിദേശരാജ്യങ്ങളിലുള്ളപോലെ സര്‍ക്കാര്‍ നിര്‍മിക്കുന്നതും സര്‍ക്കാരിന്റെ സൂക്ഷ്മനിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു, സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്നതുമായ മരുന്നുകള്‍ മാത്രമേ വിപണിയില്‍ ലഭ്യമുള്ളൂവെന്നും ഇവ നിര്‍ലോഭം ലഭ്യമാണ് എന്നും ഉറപ്പുവരുത്തണം. ബ്രാന്‍ഡ് നാമം മാര്‍ക്കറ്റില്‍ അനുവദിക്കുകയും ഡോക്ടര്‍മാര്‍ ജനറിക് നാമം മാത്രം എഴുതിയാല്‍ മതിയെന്നു നിര്‍ബന്ധിക്കുകയും ചെയ്താല്‍ കൗണ്ടണ്ടറില്‍നിന്നു ഫാര്‍മസിസ്റ്റിന് ഇഷ്ടവും ലാഭവുമുള്ള ബ്രാന്‍ഡ് മാത്രമേ രോഗിക്കു കിട്ടൂ.
ഈ രംഗത്തും 'ഇരിക്കും മുന്‍പ് കാല്‍നീട്ടുന്ന' മനോഭാവമാണു പ്രകടമാകുന്നത്. അത് അപകടമാണ്. എ.ടി.എമ്മിനു മുന്നിലെ ക്യൂവില്‍ ബോധംകെട്ടുവീണ മനുഷ്യരെപ്പോലെ മരുന്നു കഴിച്ചാലും ശമിക്കാത്ത തീരാവ്യാധിയുമായി ഉഴലുന്ന ലക്ഷക്കണക്കിനു രോഗികളെ സൃഷ്ടിക്കാനേ ഈ അനാവശ്യ ധൃതി വഴിവയ്ക്കൂ. പേറ്റന്‍സി ബ്രാന്‍ഡ് കാലാവധി സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തതിനെ ഒരു സുപ്രഭാതത്തില്‍ അസാധുവാക്കിയാല്‍ ലാഭക്കൊതിയന്മാരായ വമ്പന്‍ കമ്പനികള്‍ സര്‍ക്കാരിനെ കോടതി കയറ്റും. സര്‍ക്കാര്‍തല ജെനറിക് മരുന്നു നിര്‍മാണകമ്പനികള്‍ക്ക്, ഈ രംഗത്തു നേരത്തേയുള്ള ഐ.ഡി.പി.എല്‍, കെ.എസ്.ഡി.പി മുതലായ കമ്പനികളുടെ നിലവാരവും മാനദണ്ഡവും പോരാ. സ്വകാര്യകമ്പനികളെ മാറ്റിനിര്‍ത്തി 'സിയാല്‍' മാതൃകയില്‍ സ്വകാര്യ,പൊതുപങ്കാളിത്തത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ഓരോ സംസ്ഥാനത്തും ഒന്നോ രണ്ടേണ്ടാ കമ്പനികള്‍ മാത്രം മരുന്നുനിര്‍മാണം (ജനറിക്‌നാമത്തില്‍,മുന്തിയഗുണനിലവാരത്തില്‍) നടത്തുന്ന അവസ്ഥയുണ്ടാവണം. ജനങ്ങളെ പിഴിയുന്ന മനോഭാവമില്ലാതെ, ഇടനിലക്കാരെ ഒഴിവാക്കി, ഔട്‌ലെറ്റുകള്‍ക്കു നിര്‍ദിഷ്ട ലാഭം നല്‍കി ഇതു വിജയകരമായി നടപ്പാക്കാന്‍ കഴിയും.
ഇതിലെ നിക്ഷേപകര്‍ക്കു ഭാവിയില്‍ ഇവിടെ തൊഴിലവസരം (അര്‍ഹമായ യോഗ്യതഅനുസരിച്ചു)നല്‍കുകയും മിനിമംവേതനവും നിക്ഷേപാധിഷ്ടിത ലാഭവിഹിതവും ഉറപ്പുവരുത്തുകയും ചെയ്യുകയാണെങ്കില്‍ പ്രവാസി നിക്ഷേപം വേണ്ടത്ര ലഭിക്കും. നിക്ഷേപകരായ പ്രവാസികള്‍ക്ക് മടങ്ങിവരുമ്പോള്‍ തൊഴിലുറപ്പും ജീവിതോപാധിയും ലഭ്യമാകും. സര്‍ക്കാരിന്റെ നിക്ഷേപാധിഷ്ഠിത തൊഴിലാളി പ്രാതിനിധ്യം അഞ്ചോ പത്തോ വര്‍ഷത്തെ ബോണ്ട് വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കാം
ഘട്ടംഘട്ടമായി ഓരോ ജനറിക് നാമ മരുന്നുല്‍പ്പാദനം ഫലപ്രദമാക്കി നിര്‍ദിഷ്ട ഗുണനിലവാരപരിശോധനയും ക്ലിയറന്‍സും ഉറപ്പാക്കി മാര്‍ക്കറ്റില്‍ സുലഭമാക്കിയാല്‍ ബ്രാന്‍ഡ് നാമത്തിലുള്ള അതേ മരുന്നുകള്‍ പൂര്‍ണമായും നിരോധിക്കാം. ഇങ്ങനെ ഭാവിയില്‍ ഇന്ത്യ ജനറിക് നാമ മരുന്നുകള്‍മാത്രം ലഭിക്കുന്ന രോഗീസൗഹൃദ രാജ്യമായി മാറും. അതിന് ഇച്ഛാശക്തിയോടെ സര്‍ക്കാരും ഡോക്ടര്‍മാരുംഫാര്‍മസി വിദഗ്ധരും പരിശ്രമിക്കണം. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലായുള്ള ഒരു സി.ജെ കുര്യനെയോ, ഇ ശ്രീധരനെയോപോലുള്ള മഹദ്വക്തികളെ നോഡല്‍ ഓഫിസറായോ സി.എം.ഡിയായോ കണ്ടെണ്ടത്തി അഖിലേന്ത്യാതലത്തില്‍ ഇതിന്റെ പ്രവര്‍ത്തനം സമന്വയിപ്പിച്ചാല്‍ മാതൃകാപരമായ പരിവര്‍ത്തനം സാധ്യമാകുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."