കെ.പി.സി.സി പുനഃസംഘടന ഉടന്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് പിന്നാലെ കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകളിലേക്ക് കടക്കുന്നു.
യു.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളാണ് ആരംഭിക്കുന്നത്. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച മാറ്റങ്ങള്‍ക്കൊപ്പം കേരളത്തിലെ കോണ്‍ഗ്രസ് കമ്മിറ്റിയിലും മാറ്റങ്ങള്‍ ഉണ്ടാകും. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആഴ്ചതന്നെ ഡല്‍ഹിയിലേക്ക് പോകും.
തെരഞ്ഞെടുപ്പില്‍ ജയിച്ച ഭാരവാഹികള്‍ക്കൊപ്പം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയ ആളിനെ കണ്ടെത്തേണ്ടതുണ്ട്. സമുദായ, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചുവേണം ഇത് നടപ്പാക്കാന്‍. ഇത്തരത്തില്‍ നിര്‍ണായകമായ ആറ് തസ്തികകളിലേക്ക് പുതിയ നേതാക്കളെ കണ്ടെത്തേണ്ടതുണ്ട്.
തെരഞ്ഞെടുപ്പില്‍ ജയിച്ച വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം ആവശ്യമാണ്. എം.ഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ ഒരു വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുമുണ്ട്.
ടി.എന്‍ പ്രതാപനും വി.കെ ശ്രീകണ്ഠനും ജയിച്ചതോടെ രണ്ട് ഡി.സി.സികള്‍ക്കും പ്രസിഡന്റുമാരെ കണ്ടെത്തേണ്ടതുണ്ട്. ബെന്നി ബെഹ്ന്നാന്‍ എം.പിയായതോടെ യു.ഡി.എഫിന് പുതിയ കണ്‍വീനറെയും കണ്ടെത്തണം. എ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് യു.ഡി.എഫ് കണ്‍വീനര്‍ എന്നതിനാല്‍ ഈ സ്ഥാനത്തേക്ക് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന് സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് ഫലവും സാമുദായിക സമവാക്യങ്ങളും ഹസന് അനുകൂലമാണ്. എറണാകുളം സീറ്റ് ഹൈബി ഈഡന് വിട്ടുകൊടുത്ത കെ.വി തോമസിന്റെ പേരും കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
മത്സരരംഗത്തുനിന്ന് മാറുമ്പോള്‍ മാന്യമായ പരിഗണന കെ.വി തോമസിന് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയിരുന്നതാണ്. ആലപ്പുഴയില്‍ തോറ്റ ഷാനിമോള്‍ ഉസ്മാന് കാര്യമായ പരിഗണന നല്‍കണമെന്ന് ഗ്രൂപ്പുകള്‍ക്ക് അതീതമായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം അല്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റ് എന്നിങ്ങനെയാണ് ഷാനിമോള്‍ക്ക് വേണ്ടിയുള്ള ആലോചന. കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷനായ കെ. മുരളീധരന്റെ കാര്യത്തിലും പരിശോധന നടന്നേക്കും.
ഒരാള്‍ക്ക് ഒരു പദവിയെന്നതാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ താല്‍പര്യം. എങ്കിലും ഹൈക്കമാന്‍ഡുമായും ഗ്രൂപ്പ് നേതാക്കളുമായുമുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. ഇതിനെല്ലാമൊപ്പം ചില ഡി.സി.സികളില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്.
കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ എന്നിവരുടെ സംയുക്ത യോഗം നാളെ ചേരുന്നുണ്ട്. അതിനുശേഷം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."