റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ഭേദഗതി ബില്‍ വൈകും
തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പു തടയാന്‍ ലക്ഷ്യമിട്ട കേരള റിയല്‍എസ്റ്റേറ്റ് നിയന്ത്രണ ഭേദഗതി ബില്‍ നടപ്പിലാക്കല്‍ വൈകും.
തദ്ദേശവകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനായി ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു വിടാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമം നടപ്പാക്കാത്ത കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പു തടയാന്‍ ഫലത്തില്‍ നിയമമില്ലാത്ത അവസ്ഥയായി.
കേന്ദ്ര നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയുടെ പൂര്‍ണ നിയന്ത്രണം ഭവനനിര്‍മാണ വകുപ്പിനാണ്.
എന്നാല്‍, 1974ലെ പഞ്ചായത്തീ രാജ് നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം 2015ല്‍ കൊണ്ടു വന്ന റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി തദ്ദേശ സ്ഥാപനവകുപ്പിനു കീഴിലായിരുന്നു.
കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയമത്തിന്റെ നടപടി ചട്ടങ്ങളില്‍ ഭേദഗതി വരുത്താതെ നടപ്പാക്കിയാല്‍ ഭവനനിര്‍മാണ വകുപ്പിനാകും നിയന്ത്രണം.
എന്നാല്‍, തദ്ദേശഭരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൊണ്ടു വരുന്നതാണ് അഭികാമ്യമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മന്ത്രിസഭായോഗത്തില്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് തദ്ദേശ ഭരണവകുപ്പിനു കീഴില്‍ കൊണ്ടു വരാന്‍ നടപടി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഭവനനിര്‍മാണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇതു സംബന്ധിച്ച കരട് രൂപരേഖ മന്ത്രിസഭയുടെ പരിഗണനക്കായി കൊണ്ടുവന്നത്.
നടപടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഗവര്‍ണറുടെ അനുമതി നേടിയെത്തുമ്പോള്‍ ഏറെനാള്‍ കഴിയും. കേന്ദ്രനിയമം പ്രാബല്യത്തിലായതോടെ നിലവിലുള്ള കേരള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ബില്‍ അസാധുവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."