ഉച്ചകോടി നിയന്ത്രണം; നിരവധി ആഭ്യന്തര ഉംറ തീർത്ഥാടകർ യാത്ര നിർത്തിവച്ചു
റിയാദ്: മക്കയിൽ അടുത്ത രണ്ടു ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ഹറമിലും പരിസരങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഭ്യന്തര ഉംറ യാത്രക്കാരിൽ ഭൂരിഭാഗം പേരും യാത്ര അവസാന ഘട്ടത്തിൽ ഒഴിവാക്കി. ഹറം പരിസരങ്ങളിൽ ചെറിയ വാഹനങ്ങളും കാറുകളുമടക്കം മുഴുവൻ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയെന്നും ഷട്ടിൽ ബസ് സർവ്വീസുകൾ മാത്രം ആശ്രയിക്കണമെന്നും പൊതു സുരക്ഷാ വകുപ്പുകളുടെ നിർദേശം പുറത്ത് വന്നതോടെയാണ് വിശുദ്ധ റമദാനിൽ ഏറെ പുണ്യം ആഗ്രഹിച്ചു ഉംറ തീർത്ഥാടനത്തിനു ഇരുപത്തിയേഴാം രാവും പ്രതീക്ഷിച്ച് പോകാൻ തയ്യാറായവർ യാത്ര ഒഴിവാക്കിയത്. തനിച്ച് പോകാൻ കരുതിയവരിൽ പലരും പോകുന്നുണ്ടെങ്കിലും കുടുംബവുമായും കുട്ടികളുമായതും മറ്റും പോകാൻ കരുതിയവരാണ് യാത്ര ഒഴിവാക്കിയതിൽ കൂടുതലും.
ഹറം പരിസരങ്ങളിൽ ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് തീർത്ഥാടകർക്ക് ഏറെ ദുരിതമായിരിക്കും സമ്മാനിക്കുക. കൂടാതെ, ചില റോഡുകൾ പൂർണ്ണമായും അടച്ചതും രാഷ്‌ട്ര നേതാക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതും യാത്രാ തടസം ഉണ്ടാക്കും. കടുത്ത ചൂടും കത്തുന്ന വെയിലും സഹിച്ച് കിലോമീറ്ററുകൾ നടക്കേണ്ടി വരും. ഷട്ടിൽ ബസുകൾ ഉപയോഗപ്പെടുത്തിയാൽ തന്നെ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടിയും വരും ഓരോ കേന്ദ്രങ്ങളിലും. ഇതാണ് കുടുംബങ്ങളടക്കമുള്ളവരെ പിന്തിരിപ്പിക്കാൻ കാരണം. റമദാൻ ഇരുപത്തിയേഴാം രാവും അവസാന നാളുകളും ഹറമിൽ ചിലവഴിക്കാൻ വേണ്ടി തയ്യാറായി ടിക്കറ്റ് ബുക്ക് ചെയ്‌ത മലയാളികളടക്കം നിരവധി കുടുംബങ്ങൾ അവസാന നിമിഷം യാത്ര ഒഴിവാക്കിയതായി ഉംറ സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന ഓഫീസുകൾ സുപ്രഭാതത്തോട് പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."