ഇന്ത്യക്ക് വിശക്കുന്നു: ഓരോ വര്‍ഷം കഴിയുംതോറും പട്ടിണിവയറുകളെ ഊട്ടാന്‍ മറന്നോ?
പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഇന്ത്യ ഗുരുതരസ്ഥിതിയിലാണെന്ന് ആഗോള പട്ടിണി സൂചിക വ്യക്തമാക്കുന്നു. രാജ്യത്ത് അതിഭീകരമായ സ്ഥിതിവിശേഷങ്ങളാണ് ഇതിനോടകം രൂപപ്പെട്ടത്.കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി ആഗോള പട്ടിണി സൂചിക പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കൊടും പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ്.
ആഗോള പട്ടിണി സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) 2020 പ്രകാരം 107 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെസ്ഥാനം 94 ആണ്. 13 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ മോശമായ അവസ്ഥയിലുള്ളത്.പട്ടിണിയുടെ തോത് കൂടുന്നതനുസരിച്ചാണ് സ്‌കോര് ഉയരുന്നത്. ഏറ്റവും മികച്ച സ്‌കോര്‍ പൂജ്യവും ഏറ്റവും മോശം സ്‌കോര്‍ നൂറും ആണ്. ഇന്ത്യക്ക് ലഭിച്ചത് 30.3 ആണ്. റാങ്കിങ് പട്ടികയില്‍ 94 ആം സ്ഥാനത്താണ് ഇത് വരുന്നത്. ഇതപ്രകാരം കൊടുംപട്ടിണി അനുഭവക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
റിപ്പോര്ട്ട് അനുസരിച്ച് ഇന്ത്യന് ജനസംഖ്യയുടെ 14 ശതമാനം പോഷകക്കുറവ് അനുഭവിക്കുന്നുണ്ട്. അഞ്ചുവയസ്സില് താഴെയുള്ള കുട്ടികളില് 37.4 ശതമാനം വളര്ച്ച മുരടിപ്പ് അനുഭവിക്കുന്നുണ്ട്. ഈ പ്രായത്തിലെ കുട്ടികളിലെ മരണനിരക്ക് 3.7 ശതമാനമാണെന്നും റിപ്പോര്ട്ട് പറയുന്നു.
ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന മറ്റ് ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട റാങ്കിങ് ഇക്കാര്യത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്കൊപ്പം കൊടും പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും മ്യാന്‍മറും പാകിസ്ഥാനും എങ്കിലും അവരുടെ റാങ്കിങ് ഇന്ത്യയേക്കാള്‍ വളരെ മുകളിലാണ്.
ആഗോള പട്ടിണി സൂചികയില്‍ ബംഗ്ലാദേശ് 75 ആം സ്ഥാനത്തും മ്യാന്‍മര്‍ 78 ആം സ്ഥാനത്തും പാകിസ്ഥാന്‍ 88 ആം സ്ഥാനത്തുമാണ് നിലവിലെ റാങ്കിങ് പ്രകാരം നില്‍ക്കുന്നത്. നേപ്പാളും ശ്രീലങ്കയും ഇന്ത്യയേക്കാളും വളരെ മെച്ചപ്പെട്ട നിലയിലാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനത്തിന് പിന്നില്‍ 15 രാജ്യങ്ങളുണ്ടായിരുന്നു. അന്ന് 117 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 102 ആയിരുന്നു.
ആഗോള പട്ടിണി സൂചിക കണക്കാക്കുന്നതിനുള്ള പ്രധാനമാനദണ്ഡങ്ങള്‍
- പോഷകാഹാരക്കുറവ്
- വളര്‍ച്ചാമുരടിപ്പ്
- ഭാരക്കുറവ്
- അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്
- ശിശുമരണ നിരക്ക്
- മാതൃആരോഗ്യം
റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് 2015 മുതലാണ് ഇന്ത്യയുടെ റാങ്കിങ് ഇത്രയധികം താഴേക്ക് വരാന്‍ തുടങ്ങിയതെന്നാണ്.
2014 ഇന്ത്യയുടെ റാങ്ക് 55 ഉം സ്‌കോര്‍ 17.8 ഉം ആയിരുന്നു. 2014ല്‍ ഇന്ത്യയ്ക്ക് താഴെയായിരുന്നു ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതി. ഈ രണ്ട് രാജ്യങ്ങളും 19.1 എന്ന സ്‌കോറോടെ 57 ആം റാങ്കിലായിരുന്നു.
2015ല്‍ ഇന്ത്യയുടെ റാങ്കിങ് 93 ഉം ആയി താഴ്ന്നു. 2016 ല്‍ 97 വീണ്ടും കുത്തനെ ഇന്ത്യയുടെ റാങ്കിങ് ഇടിഞ്ഞു. 2017ല്‍ അത് 100ആയി. 2018 ല്‍119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
2019ല്‍ ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത് ഹംഗര്‍ ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡൈ്വഡും ചേര്‍ന്നാണ് സൂചിക പ്രസിദ്ധീകരിച്ചപ്പോള്‍ ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102-ാംമതായി ഇന്ത്യ മാറി.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ആഗോള പട്ടിണി സൂചികയെടുത്ത് പരിശോധിച്ചാല്‍ വ്യക്തമായും മനസിലാകുന്ന ഒരുകാര്യം ആദ്യ അഞ്ച് വര്‍ഷം ഇന്ത്യാ രാജ്യം കുറച്ച് കൊണ്ടുവന്ന പട്ടിണി നിരക്ക് പിന്നീട് കുത്തനെ വര്‍ധിക്കുന്നവെന്നാണ്. അതായത് 2015 ന് ശേഷം വര്‍ധനവാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
2010 ല്‍ ഇന്ത്യയുടെ റാങ്കിങ് 67 ആയിരുന്നു അവിടെ നിന്നു ക്രമാനുഗതമായാണ് ഇന്ത്യ നില മെച്ചപ്പെടുത്തി 2014 ആയപ്പോള്‍ 55 ആം സ്ഥാനത്ത് എത്തിയത്. 2014 മെയ് മാസത്തോടെ ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകുന്നത്. ഇതിന് ശേഷം ഇന്ത്യയുടെ പട്ടിണിനിരക്കില്‍ ക്രമാനുഗതമായ വര്‍ധനവാണ് കാണിക്കുന്നത്. 2015 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്യുന്നുണ്ട്.
ജിഡിപി സൂചികയിലും രാജ്യം കൂപ്പുകുത്തുകയാണ്
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം ഇന്ത്യ കുറിച്ചത് നെഗറ്റീവ് 23.9 ശതമാനം വളര്‍ച്ച. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഏപ്രില്‍ - ജൂണ്‍ കാലത്ത് രാജ്യം രേഖപ്പെടുത്തിയത്. നേരത്തെ, വര്‍ഷാവര്‍ഷം അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച 16 മുതല്‍ 25 ശതമാനം വരെ ചുരുങ്ങുമെന്ന് സാമ്പത്തിക രംഗത്തെ വിഗദ്ധര്‍ പ്രവചിച്ചിരുന്നു.
വളര്‍ച്ചാ നിരക്കില്‍ രാജ്യം ഇത്രയേറെ താഴോട്ടുപോകുന്നത് ഇതാദ്യമായാണ്. 1996 മുതലാണ് ഇന്ത്യയില്‍ ഓരോ പാദത്തിലെയും ജിഡിപി കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. നേരത്തെ, 2019 സാമ്പത്തിക വര്‍ഷം അവസാനപാദം 3.1 ശതമാനമായിരുന്നു രാജ്യം കുറിച്ച മൊത്തം ആഭ്യന്തര വളര്‍ച്ച.
ആഗോള പട്ടിണി സൂചിക വിമര്‍ശനങ്ങള്‍
മോദിസര്‍ക്കാര്‍ ഭരണത്തിലെ പോരായ്മകളാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്കും പ്ട്ടിണി നിരക്കില്‍ ഇന്ത്യയില്‍ ഗുരുതര സ്ഥിതിയുണ്ടാകാനും കാരണമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
- ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പാക്കിസ്താനിനും നേപ്പാളിനും ബംഗ്ലാദേശിനും പിന്നിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. 'ജി.ഡി.പി വളര്‍ച്ചയില്‍ ബംഗ്ലാദേശിന് പിന്നില്‍ പോയതിന് പിന്നാലെ ലോക വിശപ്പ് സൂചികയില്‍ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി ഏറെക്കുറെ ഏറ്റവും അടിയിലെത്തിരിക്കുകയാണ് ഇന്ത്യ,മികച്ച പ്രകടനം മോദിജി. പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.
- സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പാവങ്ങളുടെ വിശപ്പിനെക്കുറിച്ച് ചിന്തിക്കാന്‍ മോദി സര്‍ക്കാരിന് സമയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."