ഇരട്ടപ്പൂക്കള്‍ മണം വീശുന്ന പൂക്കൊളത്തൂര്‍ സ്‌കൂള്‍
പുല്‍പ്പറ്റ(മലപ്പുറം): പൂക്കൊളത്തൂര്‍ സ്‌കൂള്‍ മുറ്റത്ത് ഇപ്പോള്‍ വിരിഞ്ഞുനില്‍ക്കുന്നത് ഇരട്ടപ്പൂക്കളാണ്. ഒന്നല്ല, ഇരുപത്തിനാല് ജോഡി. ചിരിച്ചും കളിച്ചും ആടിയും പാടിയും ഇവര്‍ സ്‌കൂള്‍ അങ്കണം സജീവമാക്കുകയാണ്. അതെ, ഇത് പൂക്കൊളത്തൂര്‍ സ്‌കൂളിന്റെ സ്‌നേഹപ്പൂക്കളാണ്.
നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എന്നും വിസ്മയം തീര്‍ക്കുന്ന സനേഹക്കൂട്ടം. പൂക്കൊളത്തൂര്‍ സ്‌കൂള്‍ എന്ന സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടുമുതല്‍ 10 വരെ ക്ലാസുകളിലായാണ് 24 ജോഡി കുട്ടികള്‍ ഇരട്ടകളായുള്ളത്. ഇരട്ടകളുടെ ഗ്രാമമെന്നു പേരുകേട്ട കൊടിഞ്ഞിക്കാര്‍ പോലും ഇനി ഇവരുടെ പിന്നിലാകും. സ്‌കൂളില്‍ ആദ്യമെത്തുന്ന ആരും ആകെയൊന്ന് അമ്പരക്കും. മിക്ക മുഖങ്ങളും ഒരേപോലെ.
രൂപത്തിലെ സാമ്യത കാരണം ഈ ഇരട്ടകളെ അടുത്ത കൂട്ടുകാര്‍ക്കു മാത്രമേ തിരിച്ചറിയാനാകൂ. ഭൂരിഭാഗം ഇരട്ടകളും ഒരേ ഡിവിഷനില്‍ ഇരിക്കാനാണു താല്‍പര്യം കാണിക്കുന്നത്. സ്‌കൂള്‍ യൂനിഫോമില്‍ വരുന്ന പല ഇരട്ടകളെയും ആദ്യമൊന്നും അധ്യാപകര്‍ക്ക് തിരിച്ചറിയാനാവില്ല.
ഈ അവസരം മുതലെടുത്ത് വര്‍ഷാരംഭത്തില്‍ കുസൃതികളൊപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്. ഏറെ പരിഭവത്തോടെയാണ് പലരും ആദ്യം സ്‌കൂളിലെത്തിയത്. തങ്ങളെ മാറ്റിയിരുത്തുമെന്നായിരുന്നു അവരുടെ പേടി. തിരിച്ചറിയാനായി അധ്യാപകര്‍ ഡിവിഷനുകള്‍ പരീക്ഷിച്ചെങ്കിലും ആര്‍ക്കും അത് ഇഷ്ടമായില്ല. ഇതോടെ ജോഡികളെ ഒരേ ക്ലാസില്‍തന്നെ ഇരുത്തുകയായിരുന്നെന്ന് പ്രധാനാധ്യാപകന്‍ അജയ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം അധ്യാപകര്‍ മുന്‍കൈയെടുത്ത് ഇരട്ടകള്‍ക്കായി ട്വിന്‍സ് ക്ലബ് രൂപീകരിച്ചതോടെ തങ്ങള്‍ക്കു മാത്രമായി ക്ലബ് ലഭിച്ച സന്തോഷത്തിലാണ് ഇവരെല്ലാം. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും അല്ലാത്തവരും ഇരട്ടകളിലുണ്ടെങ്കിലും സ്വഭാവത്തിലെ സാമ്യതയും സദാസമയവും ഒരുമിച്ചുള്ള സഹവാസവും പരസ്പരമുള്ള ഐക്യവും വിശ്വാസവും ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്നുണ്ടെന്ന് അധ്യാപകനായ ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.
ഇരട്ട ജോഡികളില്‍ 11 എണ്ണം പെണ്‍കുട്ടികളാണ്. ആറ് ജോഡി ആണ്‍കുട്ടികളും ഏഴെണ്ണം മിശ്ര ജോഡികളുമാണ്. ഇത്രയധികം ഇരട്ടകള്‍ ഉള്ള കാര്യം തുടക്കത്തില്‍ സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല.
ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ഇരട്ടകള്‍ കൗതുകമായിരിക്കുകയാണ്. ഫായിസ്, അഞ്ജിത, അശ്വിന്‍, ആര്യ എന്നിവരാണ് ക്ലബിന്റെ പ്രധാന പ്രവര്‍ത്തകര്‍. മറ്റു ക്ലബുകളില്‍ നിന്നു വിഭിന്നമായി സ്‌കൂളില്‍ മനോഹരമായ പൂന്തോപ്പ് നിര്‍മിക്കുകയാണ് തങ്ങള്‍ക്കു ലഭിച്ച ഉത്തരവാദിത്തമെന്ന് ഇരട്ടകളായ ക്ലബ് സെക്രട്ടറി അശ്വതിയും ട്രഷറര്‍ ആരതിയും പറഞ്ഞു.
ക്ലബിന്റെ പ്രവര്‍ത്തനങ്ങളുമായി തങ്ങളുടെ കൂട്ടായ്മയില്‍ ആനന്ദം കണ്ടെത്തുന്ന ഇവര്‍ പത്താംക്ലാസ് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനുമുന്നില്‍ നിശബ്ദരായി...വെയില്‍മാഞ്ഞ പകല്‍പോലെ മുഖങ്ങള്‍ വിവര്‍ണമായി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."