വായ്പ തീര്‍പ്പാക്കാതിരിക്കല്‍: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് അതൃപ്തി
കാസര്‍കോട്: മത്സ്യത്തൊഴിലാളികളുടെ വായ്പാ പദ്ധതികള്‍ തീര്‍പ്പാക്കാന്‍ ബാങ്കുകളും സഹകരണ സംഘങ്ങളും കാണിക്കുന്ന വിമുഖതയില്‍ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് അതൃപ്തി രേഖപ്പെടുത്തി. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. 21 പരാതികള്‍ സിറ്റിങില്‍ പരിഗണിച്ചു. കടാശ്വാസ സംബന്ധമായി കൂടുതല്‍ പരാതികള്‍ കമ്മിഷനു മുമ്പാകെ ലഭിച്ചു. അവ അടുത്ത അദാലത്തില്‍ പരിഗണിക്കും.
കമ്മിഷന്‍ കടാശ്വാസം 2010ല്‍ ശുപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം കടാശ്വാസം നിഷേധിച്ച മൂന്നു കേസുകളില്‍ ആശ്വാസ തുക അനുവദിക്കുന്നതിനു സഹകരണ സംഘം രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജോയിന്റ് രജിസ്ട്രാര്‍ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു. നിര്‍ദേശം ഉടന്‍ നടപ്പാക്കുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്താന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. കാസര്‍കോട് ജില്ലാ സഹകരണ ഹൗസിങ് സൊസൈറ്റിയില്‍നിന്നു വായ്പയെടുത്ത കടാശ്വാസം ശുപാര്‍ശ ചെയ്ത രണ്ടുകേസുകളില്‍ സഹകരണ ഓഡിറ്റ് വിഭാഗത്തില്‍ വന്ന പിശകുകാരണം അനുവദിച്ച ആശ്വാസ തുകയില്‍ കുറവുവന്ന 71,721 രൂപ ഇരു കക്ഷികള്‍ക്കുമായി അനുവദിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി.
ഒന്നാംഘട്ട അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ട കോട്ടച്ചേരി സര്‍വിസ് സഹകരണ ബാങ്ക്, ഹോസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്നു വായ്പയെടുത്ത മൂന്നു മത്സ്യത്തൊഴിലാളികളുടെ വായ്പയ്ക്ക് കടാശ്വാസമായി 1,08,897 രൂപ അനുവദിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്കും മത്സ്യത്തൊഴിലാളിയില്‍നിന്ന് അധികം വാങ്ങിയ 10,589 രൂപ തിരികെ നല്‍കാന്‍ ബാങ്കിനും കമ്മിഷന്‍ നിര്‍ദേശം നല്‍കി. മുന്‍ ഉത്തരവ് അനുസരിച്ചു കടാശ്വാസ തുക കൈപ്പറ്റിയ ശേഷവും ഈടാധാരങ്ങള്‍ തിരികെ നല്‍കിയില്ലെന്ന പരാതികളില്‍ തൃക്കരിപ്പൂര്‍ റൂറല്‍ ഹൗസിങ് സൊസൈറ്റിയോട് കമ്മിഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. ഹൗസിങ് ഫെഡറേഷന്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതുകാരണം ആധാരം തിരികെ നല്‍കിയില്ല എന്നത് ന്യായീകരിക്കാവുന്നതല്ലെന്നും ഈടാധാരം തിരികെ നല്‍കി കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യാന്‍ തൃക്കരിപ്പൂര്‍ റൂറല്‍ ഹൗസിങ് സൊസൈറ്റിയോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉത്തരവും സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവുകളും സര്‍ക്കുലറുകളും അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ബാധ്യത സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്ക് ഉണ്ടെന്ന കാര്യം സൊസൈറ്റി സെക്രട്ടറിയെ കമ്മിഷന്‍ ഓര്‍മിപ്പിച്ചു.
സിന്‍ഡിക്കേറ്റ് ബാങ്കില്‍നിന്നു വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്കു സര്‍ക്കാര്‍ കടാശ്വാസം അനുവദിക്കുകയും ബാങ്കിന്റെ തിരുവനന്തപുരം റീജ്യണല്‍ ഓഫിസ് മുഖേന തുക അനുവദിച്ചിട്ടും വായ്പ ക്ലോസ് ചെയ്യാതെ ജാമ്യക്കാരിയുടെ സ്വര്‍ണ വായ്പ തീര്‍പ്പാക്കുന്നതു തടഞ്ഞ ബാങ്ക് നടപടി ശരിയായില്ലെന്നും വായ്പ കുടിശ്ശികയുണ്ടെന്ന കാരണം പറഞ്ഞു പിഗ്മി അക്കൗണ്ടില്‍ നിക്ഷേപിച്ച പണം നല്‍കാതിരിക്കുകയും തുകയൊന്നും ഇപ്പോള്‍ അക്കൗണ്ടില്‍ കാണുന്നില്ല എന്ന് പറയുന്ന കാര്യം പരിശോധിക്കാന്‍ ബാങ്ക് മാനേജരോട് നിര്‍ദേശിച്ചു.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍നിന്നു വായ്പയെടുത്ത മൂന്നു കേസുകള്‍ കാലഹരണപ്പെട്ട വായ്പകളായതിനാല്‍ കടാശ്വാസം അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നും കാലഹരണ നിയമത്തിനു ഭേദഗതി വരുത്താല്‍ ജനറല്‍ മാനേജരുടെ സര്‍ക്കുലറുകള്‍ നിയമ പ്രകാരം സാധുതയുള്ളതല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
സിറ്റിങില്‍ കമ്മിഷന്‍ അംഗം കൂട്ടായി ബഷീര്‍, കമ്മിഷന്‍ നിരീക്ഷകന്‍ ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. മുരളീധരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.പി കൃഷ്ണരാജ് എന്നിവരും നാഷണലൈസ്ഡ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."