സഊദിയില്‍ 4.24 കോടിയുടെ തട്ടിപ്പ്: ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
തിരുവനന്തപുരം: ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് കോടികളുടെ സാമ്പത്തിക തിരിമറി നടത്തി മുങ്ങിയ പ്രവാസി യുവാവിനെ പിടികൂടാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
നാല് വര്‍ഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യത്തിലെ ജോസഫ് തോമസിന്റെ മകന് ഷിജു ജോസഫാണ് ആണ് കമ്പനിയെ കബളിപ്പിച്ച് മുങ്ങിയത്. 2.23 മില്യണ്‍ റിയാലിന്റെ (4.24 കോടി രൂപ) തട്ടിപ്പാണ് ഷിജു ജോലിയിലിരിക്കെ നടത്തിയത്.
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ലുലു അധികൃതര്‍ സഊദിയിലെ ഇന്ത്യന്‍ എംബസിക്കും ഡി.ജി.പി, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനമറിയാതെ വിതരണക്കാരില്‍ നിന്നും വന്‍തോതില്‍ സാധനങ്ങള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്ത് മറിച്ച് വില്‍ക്കുകയായിരുന്നു ഷിജുവെന്ന് കമ്പനി പരാതിയില്‍ പറയുന്നു.
ഇതിനായി സ്ഥാപനത്തിന്റെ പേരില്‍ വ്യാജരേഖകളും സീലും മറ്റും തയാറാക്കിയായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ഇങ്ങനെ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ സാധനങ്ങള്‍ പുറത്ത് മറിച്ച് വിറ്റ് ധനാപഹരണം നടത്തുകയായിരുന്നു ഷിജു.
സാധനങ്ങള്‍ വാങ്ങിയ വകയില്‍ ബില്ലുകള്‍ അക്കൗണ്ട്സില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ സൂത്രധാരന്‍ ഷിജുവാണെന്ന് മനസിലായതെന്ന് കമ്പനി നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
തട്ടിപ്പ് പുറത്താവുന്നതിന് മുന്‍പ് തന്നെ എമര്‍ജന്‍സി ലീവില്‍ ഷിജു നാട്ടിലേക്ക് മുങ്ങി. വീട്ടുകാരുമായി ബന്ധപ്പെട്ട് കമ്പനി നടത്തിയ അന്വേഷണത്തില്‍ ഷിജു തിരുവനന്തപുരത്ത് എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."