'ഇസ്‌ലാമോഫ്ബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം'- ഫേസ്ബുക്ക് സി.ഇ.ഒക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
ഇസ്‌ലാമാബാദ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്ന് ഇസ് ലാമോ ഫോബിക് ആയ ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്. അദ്ദേഹം തന്നെ ട്വിറ്ററില്‍ കത്ത് പങ്കുവെച്ചിട്ടുണ്ട്.
ലോകമെങ്ങും മുസ്‌ലിങ്ങള്‍ക്കു നേരെ വെറുപ്പും വിദ്വേഷവും തീവ്രതയും അക്രമവും വളര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ പ്രത്യേകിച്ച് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങള്‍ കാരണമാവുന്നു എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്തെഴുതുന്നത്. അദ്ദേഹം പറയുന്നു. ഇസ്ലാമിനെതിരായ വിദ്വേഷം ഹോളോകോസ്റ്റിന് സമാനമായി കാണണമെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ ആവശ്യപ്പെട്ടു.
ജര്‍മ്മനിയിലും യൂറോപ്പിലുമുള്ള ജൂതന്മാരുടെ നാസി വംശഹത്യയുടെ പര്യവസാനമായ ഹോളോകോസ്റ്റിനെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ പോസ്റ്റുകള്‍ നിരോധിക്കാനുള്ള സുക്കര്‍ബര്‍ഗിന്റെ നടപടിയെ അഭിനന്ദിക്കുന്നതായി പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം മുസ്‌ലിങ്ങള്‍ക്കെതിരായ സമാനമായ വംശഹത്യക്ക് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില രാജ്യങ്ങളില്‍, മുസ്്ലിംകള്‍ക്ക് അവരുടെ പൗരത്വ അവകാശങ്ങളും വസ്ത്രധാരണവും ആരാധനയുമടക്കം അവരുടെ ജനാധിപത്യപരമായ വ്യക്തിഗത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു.
ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നിയമങ്ങളെ കുറിച്ചും അദ്ദേഹം കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സി.എ.എ, എന്‍.ആര്‍.സി പോലുള്ളവ മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മുസ്‌ലിമായതിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകളെ കുറിച്ച് സൂചിപ്പിക്കുന്ന അമ്രാന്‍ ഖാന്‍ കൊറോണ വൈറസിന്റെ പേരില്‍ മുസ്‌ലിങ്ങളെ കുറ്റപ്പെടുത്തയ സംഭവം ഇസ്‌ലാമോഫോബിയയുടെ മ്ലേച്ഛമായ പ്രതിഫലനമാണെന്നും കത്തില്‍ പറയുന്നു.
ഫ്രാന്‍സില്‍ ഇസ്ലാമിനെ തീവ്രവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയിരിക്കയാണെന്നും ഇസ്ലാമിനെയും നബി (സ) യെയും ലക്ഷ്യമിട്ടുള്ള മതനിന്ദാ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത് ദൗര്‍ഭാഗ്യകരമാണന്നും അദ്ദേഹം അപലപിച്ചു. ഇത് ഫ്രാന്‍സില്‍ കൂടുതല്‍ ധ്രുവീകരണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും ഇടയാക്കും. തീവ്രവാദികളായ മുസ്ലിം പൗരന്മാരെയും ഇസ്ലാമിലെ മുഖ്യധാരാ മുസ്ലിം പൗരന്മാരെയും ഫ്രാന്‍സ് എങ്ങനെ വേര്‍തിരിക്കുമെന്നും അദ്ദേഹം കത്തില്‍ ചോദിച്ചു.
പാര്‍ശ്വവല്‍ക്കരണം അനിവാര്യമായും ലോകത്തിന് ആവശ്യമില്ലാത്ത തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ഫേസ്ബുക്ക് സിഇഒയെ ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."