ബെഹ്‌റ റദ്ദാക്കിയത് ജേക്കബ് തോമസിന്റെ 36 ഉത്തരവുകള്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അഞ്ചുദിവസം പിന്നിട്ടപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ റദ്ദാക്കിയത് 36 ഉത്തരവുകള്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ കൊണ്ടുവന്ന പ്രധാന ഉത്തരവുകളാണ് റദ്ദാക്കിയത്.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്റേണല്‍ വിജിലന്‍സ് സമ്പ്രദായം, സെക്രട്ടേറിയറ്റിലെ ഫയല്‍, കിഫ്ബി പദ്ധതികള്‍ എന്നിവ നിരീക്ഷിക്കുക, സ്വാശ്രയ സ്ഥാപനങ്ങളിലെ കൊള്ള തടയുന്നതിനായുള്ള നിരീക്ഷണം, തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പിലുള്ള നിരീക്ഷണം തുടങ്ങിയ പ്രധാന ഉത്തരവുകള്‍ റദ്ദാക്കിയെന്നാണ് വിവരം.
ബാര്‍ കോഴയില്‍ മുന്‍ മന്ത്രി ബാബുവിനെതിരേയുള്ള അന്വേഷണം, കോഴ കേസില്‍ കെ.എം മാണിക്കെതിരേയുള്ള അന്വേഷണം, ടൈറ്റാനിയം അഴിമതി, സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി എന്നിവ ധൃതിപിടിച്ച് നടത്തേണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. തൊഴില്‍ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് അനധികൃത സ്വത്ത് സമ്പാദന കേസിലും കെ.എം.എം.എല്‍ അഴിമതി കേസിലും ക്ലീന്‍ചിറ്റ് നല്‍കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്. കേസ് കോടതിയിലെത്തുമ്പോള്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിട്ടുണ്ടത്രേ.
ബന്ധുനിയമന കേസില്‍ ഇ.പി ജയരാജന് ക്ലീന്‍ചിറ്റ് നല്‍കാന്‍ നിര്‍ദേശിച്ചതായും അറിയുന്നു. അതിനിടെ, സെന്‍കുമാറിനെതിരായ ആറു വിജിലന്‍സ് കേസുകളില്‍ അന്വേഷണം വേഗത്തിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് അംഗമാകാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ വിജിലന്‍സ് കേസുകളില്‍ കോടതി പരാമര്‍ശം ഉണ്ടായാല്‍ സെന്‍കുമാറിനെ പരിഗണിക്കില്ലെന്നും ബെഹ്‌റ കണക്കുകൂട്ടുന്നു. ജേക്കബ് തോമസ് നേരിട്ട് അന്വേഷണം നടത്തിയ എല്ലാ കേസുകളുടെയും ഫയലുകള്‍ ബെഹ്‌റ പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. സ്ഥലംമാറിവന്ന എല്ലാ ഡിവൈ.എസ്.പിമാര്‍ക്കും കേസ് പഠിക്കാന്‍ ഏഴു ദിവസത്തെ സമയം അനുവദിച്ചു.
അതിനിടെ, പൊലിസ് സ്റ്റേഷനുകളില്‍ പെയിന്റടിക്കാന്‍ നിര്‍ദേശം നല്‍കിയ കേസില്‍ ബെഹ്‌റ ഈ മാസം 20ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിശദീകരണം നല്‍കണം. ഇതുസംബന്ധിച്ച് അദ്ദേഹം നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഉത്തരവില്‍ കമ്പനിയുടെ പേര് പരാമര്‍ശിച്ചതും സുപ്രിംകോടതി വിധി വന്നതിനുശേഷം ഉത്തരവിറക്കിയതും ബെഹ്‌റയ്ക്ക് തിരിച്ചടിയാകും. ബെഹ്‌റ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കമ്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത് സി.പി.എം ഉന്നത നേതാവിന്റെ ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന മകനാണെന്നും സൂചനയുണ്ട്. വിജിലന്‍സില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ജീവനക്കാര്‍ക്കിടയിലും അമര്‍ഷം ശക്തമായിട്ടുണ്ട്. ബെഹ്‌റ പൊലിസ് മേധാവിയായിരിക്കെ ഉത്തരേന്ത്യന്‍ കമ്പനികളില്‍നിന്ന് വാങ്ങിക്കൂട്ടിയത് നിലവാരമില്ലാത്തവയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ കമ്പനിയില്‍നിന്ന് വാങ്ങിയ ലാത്തി ലോ അക്കാദമി സമരത്തിനിടെ ഉപയോഗിച്ചപ്പോള്‍ ഒടിയുകയും ഒടിഞ്ഞഭാഗം സമരക്കാരുടെ ദേഹത്ത് തറച്ചുകയറുകയും ചെയ്തിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പോളി കാര്‍ബണേറ്റഡ് ഇനത്തില്‍പ്പെട്ട ലാത്തികള്‍ വാങ്ങിയത്. ഇതിനുപുറമെ പൊലിസിന് ആവശ്യമായ 80 ഇനം സാധനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ട്. ടെന്‍ഡര്‍, എസ്റ്റിമേറ്റ്, കരാര്‍ ഇവയൊന്നുമില്ലാതെയാണ് ഇവ വാങ്ങിയത്. പര്‍ച്ചേസ് കമ്മിറ്റി പരിശോധിച്ചതിനുശേഷം മാത്രമേ ലാത്തികളടക്കമുള്ളവ വാങ്ങാന്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം. ഇതിനായി മൂന്നുമാസത്തിലൊരിക്കല്‍ കമ്മിറ്റി ചേരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."