'മരിക്കാനുള്ള ധൈര്യം മതി ജീവിക്കാനും'-Video
മനാമ: ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫൈസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാവിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന വീഡിയോ വൈറലാകുന്നു.
വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കും ഷെയറുമാണ് വീഡിയോക്ക് ലഭിച്ചത്.
ഈ വീഡിയോ കണ്ടവരും ഷെയര്‍ചെയ്തവരും ഏറെയും പ്രവാസികളാണ്. കൂടാതെ ഡൗണ്‍ലോഡ് ചെയ്ത വീഡിയോ പ്രവാസികളുള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിഡീയോ കാണാം
ബഹ്‌റൈനില്‍ പ്രവാസികള്‍ക്കിടയില്‍ തുടര്‍ച്ചയായി നടക്കുന്ന ആത്മഹത്യകള്‍, മജീഷ്യന്‍ മുതുകാടിന്റെ ശ്രദ്ധയില്‍പെടുത്തിയത് ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരിലൊരാളായ കെ.ടി സലീമാണ്.
ബഹ്‌റൈനില്‍ അവസാനമായി ഒരു മലയാളിയുവതി ആത്മഹത്യചെയ്തതടക്കമുള്ള സംഭവങ്ങളും പത്രവാര്‍ത്തകളും അദ്ദേഹം ഗോപിനാഥ് മുതുകാടിന് അയച്ചു കൊടുക്കുകയായിരുന്നു.
ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ തുടര്‍ച്ചയായ ആത്മഹത്യകള് തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹത്തെ ഉദ്ദരിച്ച് കെ.ടി സലീം സുപ്രഭാതത്തോട് പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനെതിരെ അടിയന്തിരമായി ബോധവത്കരണ ശ്രമങ്ങള്‍ ആലോചിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചതായും കെ.ടി സലീം അറിയിച്ചു.
സാമൂഹ്യ പ്രവര്‍ത്തകനുമായുള്ള ഈ സംഭാഷണ ശേഷമാണ് നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം മുതുകാട് ഫൈസ്ബുക്കിലിട്ടത്.
തന്റെ മാജിക് ജീവിതത്തിലും ആത്മഹത്യയെ കുറിച്ചാലോചിച്ച ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചാണ് താന്‍ ഇപ്പോഴും ജീവിക്കുന്നത് എന്ന് വ്യക്തമാക്കിയുമാണ് പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ബഹ്‌റൈനില് സംഘടിപ്പിച്ച ഫയര്‍ എസ്‌കേപ്പിനിടെ താന്‍ അപകടത്തില്‍പ്പെട്ടതും ഇനി മാജിക് അവതരിപ്പിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
തന്റെ 10 ാം വയസ്സുമുതല്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മാജിക് ഒഴിവാക്കണമെന്ന ഡോക്ടറുടെ നിര്‍ദേശം, തന്റെ മുമ്പില്‍ ഇരുള്‍ വീഴ്ത്തുന്നതായിരുന്നുവെന്നും തന്മൂലം ജീവിതം അവസാനിപ്പിക്കാന്‍ വരെ ആലോചിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
അന്ന് താന്‍ ജീവിതം അവസാനിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലായിരുന്നെന്നും പരിഹാരമില്ലാത്ത ഒരു പ്രശ്‌നവും ഈ ലോകത്തില്ലെന്നും അദ്ധേഹം പ്രവാസികളെ ഓര്‍മ്മിപ്പിക്കുന്നു.
ജീവിതത്തില്‍ മാനസിക സംഘര്‍ഷങ്ങളില്ലാത്ത ഒരാളും ഉണ്ടാവില്ലെന്ന് പറയുന്ന അദ്ധേഹം മാനസിക പിരിമുറുക്കം അതേ പടി കൊണ്ടു നടന്നാല്‍ വിഭ്രാന്തിയും വിഷാദരോഗവുമുണ്ടാകുമെന്നും ഉണര്‍ത്തുന്നുണ്ട്.
ഇത്തരം ഘട്ടങ്ങളില്‍ താല്‍ക്കാലിക മെഡിസിനേക്കാള്‍ ഗുണകരമായത് മനസ്സിന് ശക്തി നല്‍കാനാവുന്ന നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കുകയും കാണുകയും ചെയ്യലുമാണെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
'മരിക്കാനുള്ള ധൈര്യം മാത്രം മതി ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍' എന്ന് തന്റെ ജീവിതം സാക്ഷി നിര്‍ത്തി വ്യക്തമാക്കുന്ന അദ്ധേഹം മനസ്സിന്റെ ഭാരം ലഘൂകരിക്കാന്‍ സുഹൃത്തുക്കളുമായി ഇടപഴകി പ്രശ്‌നങ്ങള്‍ പങ്കുവെക്കണമെന്നും വ്യായാമം ചെയ്യണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ശാരീരിക വ്യായാമവും മനസ്സും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന അദ്ധേഹം വിഷാദം മാറ്റാല്‍ ഒരിക്കലും മദ്യം, മയക്കു മരുന്ന്, എന്നിവ ഉപയോഗിക്കരുതെന്നും അവ പ്രശ്‌നത്തെ പരിഹരിക്കുകയല്ല, കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുകയെന്നും ഓര്‍മ്മിപ്പിക്കുന്നു..
വിഷാദ രോഗങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് നമ്മെ തളര്‍ത്തും മുന്പ് അതിനെ അതിജീവിക്കാനാണ് നാം ശ്രമിക്കേണ്ടത്. മാനസിക പ്രയാസങ്ങള്‍ അലട്ടുമ്പോള്‍ ഒരു കണ്ണാടിക്കു മുമ്പില്‍ നിന്ന് മുഷ്ടി ചുരുട്ടി 'ഇതും കടന്നു പോകും' എന്ന് ഉറപ്പിച്ചു പറയണമെന്ന നിര്‍ദേശത്തോടെയാണ് ഹൃസ്വമായ ഈ വീഡിയോ സന്ദേശം മുതുകാട് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."