സഊദി ചൈനയില്‍ നിന്ന് പുതിയ മിസൈല്‍ സാങ്കേതികവിദ്യ വാങ്ങുന്നു
റിയാദ്: ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി സഊദി ചൈനയില്‍ നിന്ന് പുതിയ മിസൈല്‍ സാങ്കേതികവിദ്യ വാങ്ങുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് സി.എന്‍.എനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സഊദിയുമായി ഉറ്റബന്ധമുള്ള യു.എസ് ഭരണകൂടം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂതീ റോക്കറ്റ്-ഡ്രോണ്‍ ആക്രമണത്തെ തടയുന്നതിനാണിതെന്നാണ് കരുതുന്നത്.
1987ല്‍ 35 രാജ്യങ്ങള്‍ ഒപ്പുവച്ച മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണവ്യവസ്ഥ പ്രകാരം സഊദിക്ക് യു.എസില്‍ നിന്നോ മറ്റോ ബാലിസ്റ്റിക് മിസൈല്‍ വാങ്ങാനാവില്ല. അതേസമയം, ചൈന ഇതില്‍ ഒപ്പുവച്ചിട്ടില്ല. ഇതാണ് സഊദിയെ ചൈനീസ് മിസൈല്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍ നിന്ന് ദശാബ്ദങ്ങളായി സഊദി മിസൈലുകള്‍ വാങ്ങാറുണ്ട്. അതേസമയം, റിയാദിനു പടിഞ്ഞാറുള്ള അല്‍ ദവാദ്മിയില്‍ ഒരു മിസൈല്‍ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണെന്ന് ചിത്രങ്ങള്‍ നോക്കി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
യമനില്‍ നിരപരാധികളെ കൂട്ടക്കൊല നടത്തുന്നതിനാല്‍ സഊദിക്കും യു.എ.ഇക്കും ആയുധങ്ങള്‍ വില്‍ക്കുന്നതു തടയാന്‍ യു.എസ് സെനറ്റിലെ ഒരു വിഭാഗം ശ്രമിച്ചുവരുകയാണ്. കഴിഞ്ഞമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസിനെ മറികടന്ന് സഊദിക്ക് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ ട്രംപ് ഭരണകൂടം അനുമതിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."