കുന്നിന്‍ മുകളില്‍ വിത്തെറിഞ്ഞ് വിദ്യാര്‍ഥികള്‍ കൃഷിപാഠം തുറന്നു
കൊയിലാണ്ടി: കര്‍ക്കിടക മഴയില്‍ നനഞ്ഞുകുതിര്‍ന്ന കുന്നിന്‍മുകളില്‍ നിലമൊരുക്കി പ്രതീക്ഷയുടെ ഹരിത സ്വപ്നങ്ങള്‍ക്ക് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വിത്തെറിഞ്ഞു. നാട്ടിടങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവന്ന് മണ്ണിലേക്ക് മനുഷ്യനെ ചേര്‍ത്തുപിടിക്കാനൊരു ശ്രമം. കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് പ്രദേശവാസിയും കര്‍ഷകനുമായ അരിയില്‍ ദാമോദരന്‍ അവര്‍ക്ക് സ്‌നേഹസാമീപ്യമായി രംഗത്തുണ്ട്. കൊയിലാണ്ടി അരീക്കുന്നില്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂനിറ്റിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ വലിയൊരു ജനക്കൂട്ടവുമുണ്ടായി. കൃഷിഭവനുമായി സഹകരിച്ചാണ് കരനെല്‍ കൃഷിയിറക്കുന്നത്. അര ഏക്കര്‍ സ്ഥലത്താണ് തുടക്കത്തില്‍ കൃഷി ചെയ്യുന്നതെങ്കിലും പദ്ധതി വിജയമായാല്‍ ഭാവിയില്‍ കൃഷി വ്യാപിപിക്കാനാണ് തീരുമാനം. ജൈവകൃഷിക്കും ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍.എസ്.എസ്.യൂനിറ്റ് തിരഞ്ഞെടുത്ത പങ്കാളിത്ത ഗ്രാമമാണ് ഇവിടം. നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.കെ രാമദാസന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ എം.ജിജിന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. എന്‍.സി സത്യന്‍,യു.കെ ചന്ദ്രന്‍,പ്രിന്‍സിപ്പല്‍ പി.വത്സല, എ.സുബാഷ്‌കുമാര്‍,കെ.ലൈജു, എസ്.ശ്രീജിത്ത്,ബി.അഞ്ജന,കെ.അമര്‍നാഥ്,ടി.കെ അഖില്‍,പി.മായ,പി.ആതിര,ഹരിത നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."