വിരമിക്കല്‍ ആനുകൂല്യം കൈപ്പറ്റിയ ഉദ്യോഗസ്ഥന്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത്
തൊടുപുഴ: വ്യവസായ പൊതുമേലാ സ്ഥാപനമായ ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലില്‍ നിന്നും സ്വയം വിരമിക്കല്‍ പ്രകാരം അനുകൂല്യം കൈപ്പറ്റിയ ഉദ്യോഗസ്ഥന്‍ വിവരം മറച്ചുവെച്ച് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത്.
സ്വയം വിരമിക്കല്‍ പദ്ധതിയായ സോഷ്യല്‍ സേഫ്റ്റി നെറ്റ് പ്രോഗാം (എസ്.എസ്.എന്‍.പി) സ്‌കീം പ്രകാരം ആനുകൂല്യം പറ്റിയ അസി. മാനേജര്‍ (സ്പിന്നിങ്) പി.എസ് ശ്രീകുമാറാണ് മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡില്‍ 2007 ല്‍ സ്പിന്നിങ് മാസ്റ്റര്‍ തസ്തികയിലും പിന്നീട് മില്‍ മാനേജര്‍ തസ്തികയിലും നിയമനം നേടിയത്.
2004 ല്‍ ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ വൈന്‍ഡ് അപ്പ് ചെയ്യുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് എസ്.എസ്.എന്‍.പി പദ്ധതി പ്രഖ്യാപിച്ചത്. എസ്.എസ്.എന്‍.പി പദ്ധതി വി.ആര്‍.എസിന് തുല്യമാണെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്.
വി.ആര്‍.എസ് ആനുകൂല്യം കൈപറ്റിയവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങള്‍ എന്നിവയില്‍ പുതിയ നിയമനം ലഭിക്കുകയാണെങ്കില്‍ വാങ്ങിയ ആനുകൂല്യം സര്‍ക്കാരില്‍ തിരിച്ച് അടച്ച് ചലാന്‍ പകര്‍പ്പ് പുതിയ നിയമന അധികാരിക്ക് കൈമാറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ പി.എസ്. ശ്രീകുമാര്‍ 2007 ല്‍ മലപ്പുറം മില്ലില്‍ നിയമനം നേടിയപ്പോള്‍ സ്വയംവിരമിച്ച വിവരം മറച്ചുവെച്ചെന്നാണ് ആക്ഷേപം. കൂടാതെ ആനുകൂല്യം കൈപറ്റിയ തുക തിരിച്ച് അടച്ച ചലാന്‍ ഹാജരാക്കിയിട്ടുമില്ല.
ഏത് സ്ഥാപനത്തില്‍ നിന്നാണോ ആനുകൂല്യം കൈപ്പറ്റിയത് അവിടെത്തന്നെ തുക തിരിച്ചടയ്ക്കണം. 2004ല്‍ അടച്ചുപൂട്ടിയ ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ 2008 ല്‍ തുറന്നപ്പോള്‍ ആനുകൂല്യം കൈപറ്റിയ 14 ജീവനക്കാര്‍ പുനര്‍നിയമനത്തിനായി ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്‌തെങ്കിലും തള്ളിയിരുന്നു.
2013 മുതല്‍ പി.എസ് ശ്രീകുമാര്‍ ഡെപ്യൂട്ടേഷനിലൂടെ ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ജനറല്‍ മാനേജര്‍ കം ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ തസ്തികയില്‍ തുടരുകയാണ്. ഇതിനു പുറമെ തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ എം.ഡി തസ്തകയില്‍ അധിക ചുമതലയില്‍ 2018 ഏപ്രില്‍ മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ രണ്ട് പൊതുമേലാ സ്ഥാപനത്തിന്റെ സി.ഇ.ഒ യാണ് പി.എസ് ശ്രീകുമാര്‍.
ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഡെപ്യൂട്ടേഷന്‍ നീട്ടുവാനായി ഇദ്ദേഹം രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നതായി സൂചനയുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം നിയമനം ഉള്ളവര്‍ക്ക് മാത്രമേ ഡെപ്യൂട്ടേഷന്‍ നിയമനം അനുവദിക്കാവൂ എന്ന ചട്ടവും ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എസ്.എസ്.എന്‍.പി സ്‌കീമില്‍ പെടാതിരുന്ന ജീവനക്കാര്‍ക്ക് അന്ന് സര്‍ക്കാര്‍ മറ്റു പൊതുമേലാ സ്ഥാപനങ്ങളായ കെ.എസ്.ടി.സി, കെല്‍ എന്നിവിടങ്ങളില്‍ നിയമനം നല്‍കിയിരുന്നു. അംഗീകൃത ഫീഡര്‍ കാറ്റഗറി റൂള്‍ പ്രാകാരം സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം നിയമനമുള്ളവരെ മാത്രമെ ഡെപ്യൂട്ടേഷനിലൂടെ പൊതുമേഖലാ എം.ഡി സ്ഥാനത്ത് നിയമിക്കാവൂ എന്നാണ് ചട്ടം.
2016 ഒകോടോബര്‍ മുതല്‍ ചീഫ് എക്‌സിക്യുട്ടീവ് നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സും നിര്‍ബന്ധമാണ്. ഇതെല്ലാം ലംഘിച്ചാണ് ശ്രീകുമാര്‍ നിയമനം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."