ഓസോണ്‍ സംരക്ഷണം നമ്മുടെ കടമ
ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളില്‍ 0. 0001 ശതമാനം മാത്രമാണ് ഓസോണ്‍. ഓസോണിന്റെ 90 ശതമാനവും അന്തരീക്ഷമണ്ഡലമായ സ്ട്രാറ്റോസ്ഫിയറിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ഇതിനെ സ്ട്രാറ്റോസ്ഫിയറിക്ക് ഓസോണ്‍ പാളിയെന്നാണു വിളിക്കുന്നത്. നേരിയ കനം മാത്രമേ ഓസോണ്‍ പാളിക്കുള്ളുവെങ്കിലും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അത്യാവശ്യമാണിത്.
സൂര്യനില്‍ നിന്നു പ്രവഹിക്കുന്ന വിനാശകാരികളായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ഭൂമിയിലെ ജീവജാലങ്ങള്‍ക്കുള്ള രക്ഷാകവചമാണ് ഓസോണ്‍ പാളി. അന്തരീക്ഷത്തിലെ താപനിലയെ സ്വാധീനിക്കാന്‍ ഇതിനു കഴിയും. അന്തരീക്ഷത്തില്‍ 30 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തിലാണിത്. വാന്‍മാരം എന്ന ശാസ്ത്രജ്ഞനാണ് 1785 ല്‍ ഓസോണ്‍ വാതകം കണ്ടെത്തിയത്. 1840 ല്‍ ഷേണ്‍ബൈന്‍ എന്ന ശാസ്ത്രജ്ഞനാണ് ഓസോണ്‍ എന്ന പേരിട്ടത്.
ഓക്‌സിജന്‍ സാധാരണയായി രണ്ടു തന്മാത്രകളായാണ് അന്തരീക്ഷത്തില്‍ കാണുന്നത്. എന്നാല്‍, സ്ട്രാറ്റോസ്ഫിയറില്‍ 20 കിലോമീറ്ററിനും 35 കിലോമീറ്ററിനും ഇടയ്ക്കുള്ള ഭാഗത്തെ ഓക്‌സിജന്‍ തന്മാത്രകളില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മി പതിക്കുന്നതിനാല്‍ ഓക്‌സിജന്‍ തന്മാത്രകളുടെ ഊര്‍ജനില കൂടി അവ വിഘടിക്കുന്നു. ഈ വിഘടന ഫലമായി ഉണ്ടാകുന്ന ഓക്‌സിജന്‍ ഓരോ ആറ്റവും ഓക്‌സിജന്റെ രണ്ട് ആറ്റങ്ങളുമായി സംയോജിച്ചു മൂന്നു തന്മാത്രകളുള്ള ഓസോണായി മാറുന്നു.
അന്തരീക്ഷത്തില്‍ നിവര്‍ത്തിവച്ച കുടപോലെ നമ്മെ സംരക്ഷിക്കുന്ന ഓസോണ്‍ പാളിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണു നാം. റഫ്രിജറേറ്ററും കീടനാശിനികളും വ്യവസായശാലകളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണും (സി.എഫ്.സി) ആണ് ഓസോണ്‍ ശോഷണത്തിനു പ്രധാന ഹേതു. വാഹനത്തില്‍ നിന്നുള്ള പുക, വ്യവസായശാലകളില്‍ നിന്നു പുറത്തുവരുന്ന വ്യത്യസ്ത വാതകങ്ങള്‍, ചപ്പുചവറുകള്‍ കത്തുമ്പോഴുണ്ടാകുന്ന വ്യത്യസ്ത വാതകങ്ങള്‍ എന്നിവയും ഓസോണ്‍ ശോഷണത്തിനു വഴിയൊരുക്കുന്നു.
സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പുറന്തള്ളുന്ന നൈട്രിക് ഓക്‌സൈഡുകളും നൈട്രജന്‍ മൂലകത്തിന്റെ ചില ഓക്‌സൈഡുകളും സമതാപമണ്ഡലത്തില്‍ നേരിയ തോതില്‍ കാണുന്ന നൈട്രസ് ഓക്‌സൈഡുകളും ക്ലോറിന്‍, ഫ്‌ളൂറിന്‍. കാര്‍ബണ്‍ എന്നീ മൂലകങ്ങളുടെ യൗഗികളായ ഹലോണുമെല്ലാം ഓസോണ്‍ ക്ഷയിക്കാന്‍ കാരണമാകുന്നു. അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നതു മൂലവും ഓസോണ്‍ ശോഷിക്കുന്നു.
1985 ല്‍ ജോസ്ഫര്‍ മാന്‍ എന്ന ശാസ്ത്രജ്ഞനാണ് ഓസോണ്‍ ശോഷണം സംഭവിച്ചാലുണ്ടാകുന്ന വിപത്തിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. ഹാലിബെ എന്ന സ്ഥലത്ത് അന്റാര്‍ട്ടിക്ക ഹാലിബെ ബ്രിട്ടിഷ് ഒബ്‌സര്‍വേറ്ററിയെന്ന പേരില്‍ വാന നിരീക്ഷണശാല സ്ഥാപിച്ചു.1980 കളുടെ മധ്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ ഇവിടെ വച്ച് അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഓസോണ്‍ പാളിയില്‍ ദ്വാരം രുപം കൊള്ളന്നതായി കണ്ടെത്തി. ഇതേ കാലഘട്ടത്തില്‍ 'നാസ' നിംബസ് ഉപഗ്രഹസഹായത്തോടെ അന്റാര്‍ട്ടിക്കയില്‍ നടത്തിയ പരീക്ഷണ വിവരങ്ങളെ വിശകലനം ചെയ്തപ്പോഴും ഓസോണ്‍ ശോഷണം ബോധ്യപ്പെട്ടു.
ഓസോണ്‍ പാളിക്ക് പ്രധാന നാശകാരിയായ ക്ലോറോ ഫ്‌ളോറോ കാര്‍ബണ്‍ 1970ല്‍ 10 ലക്ഷം ടണ്‍ ആയിരുന്നു ലോകത്ത് ഉപയോഗിച്ചിരുന്നത്. 1998 ല്‍ അത് 1.56. ടണ്‍ ആക്കാന്‍ ഉടമ്പടിയുണ്ടായെങ്കിലും ഫലപ്രദമായില്ല. ഓസോണിനെ സംരക്ഷിക്കാനുള്ള ആദ്യ കണ്‍വന്‍ഷന്‍ 1981ല്‍ വിയന്നയിലായിരുന്നു. 1987 സെപ്തംബര്‍ 16ന് ഓസോണിന് ഹാനികരമാവുന്ന ദ്രവ്യങ്ങള്‍ പുറത്തുവിടുന്നതു നിയന്ത്രിക്കുന്നതിനു വേണ്ടി 'മോണ്‍ട്രിയല്‍ പ്രോേട്ടാക്കോള്‍' ഉടമ്പടി ഒപ്പുവച്ചു. ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന വാതകങ്ങളുടെ നിര്‍മാണവും വില്‍പ്പനയും പാടേ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. അതൊന്നും വേണ്ടത്ര ഫലവത്തായില്ല.
1997ല്‍ ജപ്പാനിലെ ക്വേട്ടോയില്‍ സമ്മേളിച്ച ലോകരാഷ്ട്രങ്ങള്‍ സി.എഫ്.സി. കുറക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ സി.എഫ്.സി. ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്ക ഇതില്‍ നിന്നു പിന്മാറിയതോടെ തീരുമാനം നിഷ്ഫലമായി.
2000ത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ശോഷണമാണു ശാസ്ത്രജ്ഞന്മാര്‍ ഓസോണ്‍ പാളിയില്‍ കണ്ടതെങ്കിലും 2018 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച 'അറ്റ്‌മോസ്ഫറിക് കെമിസ്ട്രി ആന്റ് ഫിസിക്‌സ്' എന്ന ജേണലില്‍ ലണ്ടനിലെ ശാസ്ത്രജ്ഞയായ ജോ ഹൈഗ് പറയുന്നത് അന്റാര്‍ട്ടിക്കക്ക് മുകളിലുളള ഓസോണ്‍ ശോഷണം പരിഹരിച്ചു വരുന്നുണ്ടന്ന സന്തോഷവാര്‍ത്തയാണ്.
ഇതാടൊപ്പം ഒരു ദുഃഖവാര്‍ത്തയും ഹൈഗ് ലോകത്തോടു പങ്കിട്ടു. ഓസോണ്‍ പാളിയുടെ ഭാവി അത്ര സുരക്ഷിതമല്ലെന്നും ഭൂമധ്യരേഖയുടെ അടുത്തും അക്ഷാംശരേഖയുടെ മധ്യത്തിലും പാളിക്ക് ശോഷണം ആരംഭിച്ചുണ്ടെന്നതാണത്.
ഓസോണ്‍ നാശം സൂര്യ ല്‍നിന്നുള്ള അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മിയെ ഭൂമിയിലേക്ക് പ്രവഹിപ്പിക്കുകയും അതു മനുഷ്യശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ അനിയന്ത്രിതമായ കോശവിഭജനത്തിനു കാരണമാവുകയും ത്വക്കിലെ കാന്‍സറായി പരിണമിക്കുകയും ചെയ്യും. ത്വക്കു ചുളിയല്‍, അന്ധത, രോഗപ്രതിരോധശക്തിയുടെ അഭാവം, അകാലവാര്‍ധക്യം എന്നിവയും ഇതുമൂലമുണ്ടാകും.
അതുകൊണ്ട്, നമ്മുടെ നിലനില്‍പ്പിനാവശ്യമായ ഓസോണിനെ സംരക്ഷിക്കാന്‍ നമുക്കു പ്രതിജ്ഞ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."