പാലക്കാട് ആംബുലന്‍സ് അപകടം : വിറങ്ങലിച്ച മനസോടെ നാട് അവര്‍ക്ക് വിട നല്‍കി
പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് അപടകത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. നാല് നെന്മാറ സ്വദേശികളും പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശികളായ നാലുപേരുമാണ് ദുരന്തത്തില്‍ മരിച്ചത്. ദുരന്തത്തിനിരയായ വാടാനാംകുറിശ്ശി സ്വദേശികളായ വെളുത്തേരിയില്‍ ഹസൈനാരുടെ മകന്‍ സുബൈര്‍(38), സഹോദരന്‍ നാസര്‍(45), വെളുത്തേരിയില്‍ ബഷീറിന്റെ മകന്‍ ഫവാസ്(17), വെട്ടിക്കാട്ടില്‍ മന്ദിയില്‍ വീട്ടില്‍ യൂസഫിന്റെ മകന്‍ ഉമ്മര്‍ ഫറൂഖ്(20) എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം എത്തിച്ചതോടെ ഉറ്റവര്‍ നഷ്ടമായ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ സാധിക്കാതെ നാട്ടുകാരും വിതുമ്പി.
രാത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പുലര്‍ച്ചെയോടെ എത്തിച്ച മൃതദേഹങ്ങള്‍ വാടനാംകുറിശി സ്‌കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചു. മഴ പോലും വകവയ്ക്കാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ആണ് എത്തിയത്. അവിടെ തടിച്ച് കൂടിയവര്‍ ഒരോരുത്തരും വിതുമ്പലടക്കാനാവാതെ നിയന്ത്രണം വിട്ടാണ് പ്രിയപ്പെട്ടവരെ അവസാനമായൊരു നോക്ക് കണ്ടത്. പൊതുദര്‍ശനത്തിന് ശേഷം നടന്ന മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു. എം.പി വി.കെ ശ്രീകണ്ഠനും പൊലിസും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പൊതുദര്‍ശന സമയത്തെ തിരക്കുകള്‍ ഒഴിവാക്കുന്നതിനും മറ്റും സഹായമായി എത്തിയിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ അളുവശ്ശേരി ചേരുംകാട് സുധീര്‍(39), അയിലൂര്‍ തലവെട്ടാംപാറ പുഴയ്ക്കല്‍ വീട്ടില്‍ നിഖില്‍(22), ബന്ധുവായ വൈശാഖ്(25), തോണിപ്പാടം വീട്ടില്‍ ശിവന്‍(45) എന്നിവര്‍ക്ക് നെന്മാറയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിട നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സുധീറിന്റെ മൃതദേഹം ഞായറാഴ്ച രാത്രി 11 മണിയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം കാലത്ത് ഒന്‍പതിന് ചാത്തമംഗലം ആറ്റുവായ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അയിലൂര്‍ തലവെട്ടാംപാറ സ്വദേശികളായ മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കാലത്ത് എട്ടരയോടെയാണ് വീട്ടിലെത്തിച്ചത്. നിഖിലിന്റെയും, വൈശാഖിന്റെയും, ശിവന്റെയും മൃതദേഹങ്ങള്‍ വീടുകളില്‍ പൊതുദര്‍ശനത്തിന് വച്ചു. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം അയിലൂര്‍ യൂനിയന്‍ ലൈബ്രറിക്ക് മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. ആദ്യം വൈശാഖിന്റെയും പിന്നീട് നിഖിലിന്റെയും അവസാനം ശിവന്റെയും മൃതദേഹങ്ങള്‍ എത്തിക്കുമ്പോഴേക്കും ഒരു നാടു മുഴുവന്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. സുഹൃത്തുക്കളും ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് എട്ടരമുതല്‍ 11 മണിവരെ നടന്ന പൊതുദര്‍ശനത്തില്‍ അന്തിമോപചാരമര്‍പ്പിച്ചത്.
എം.പി. രമ്യ ഹരിദാസ്, മുന്‍ എം.പിമാരായ പി.കെ.ബിജു, വി.എസ്.വിജയരാഘവന്‍, അനില്‍ അക്കര എം.എല്‍.എ, മുന്‍ എം.എല്‍.എ. മാരായ കെ.എ.ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍, ഡി.സി.സി.വൈസ് പ്രസിഡന്റ് എ.സുമേഷ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.രമാധരന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുകുമാരന്‍, കെ.പ്രേമന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് 11 മണിയോടെ മൃതദേഹങ്ങള്‍ നെന്മാറ വക്കാവ് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."