സി.ഒ.ടി നസീര്‍ വധശ്രമം: പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
തലശ്ശേരി: വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതിയില്‍ കീഴടങ്ങിയ രണ്ടുപ്രതികളെ ചോദ്യംചെയ്യാനായി കോടതിയില്‍ നിന്ന് ഇന്നു പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
കതിരൂര്‍ ആണിക്കാംപൊയില്‍ കൊയിറ്റി വീട്ടില്‍ സി. ശ്രീജിന്‍ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന് (26) എന്നിവരാണു കഴിഞ്ഞ ദിവസം കോടതി പരിസരത്ത് മഫ്തിയില്‍ കാത്തുനിന്ന പൊലിസുകാരുടെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങിയത്.
പ്രതികളെ ജുഡിഷ്യല്‍ ഒന്നാംക്ലാസ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഈ പ്രതികളെ ചോദ്യംചെയ്താലെ കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെത്താനാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ ഇന്നലെ മൂന്നുപേര്‍ കോടതിയില്‍ എത്തിയതായും മഫ്തി പൊലിസിനെ കണ്ടപ്പോള്‍ തിരിച്ചുപോയതായും പറയുന്നു. കേസില്‍ ഗൂഢാലോചന നടത്തിയ പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് മൂന്നുപേര്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹരജി 11നാണ് കോടതി പരിഗണിക്കുക.
കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.സി ജോസഫ്
തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനുനേരെ നടന്ന വധശ്രമ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.സി ജോസഫ്. ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റി. മൊഴിയെടുത്താല്‍ അത് വായിച്ച് കേള്‍പ്പിക്കണമെന്നാണ്. എന്നാല്‍ നസീറിന് മൊഴിപ്പകര്‍പ്പ് കൊടുക്കാനോ വായിച്ച് കേള്‍പ്പിക്കാനോ ഒപ്പിട്ട് വാങ്ങാനോ പൊലിസ് തയാറാകാത്തത് ഒരു എം.എല്‍.എയുടെ പങ്ക് പുറത്ത് വരാതിരിക്കാനാണെന്നും കെ.സി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."