ക്യാപ്റ്റന്‍ രാജു അന്തരിച്ചു
കൊച്ചി: പ്രമുഖ നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഘനഗംഭീരമായ ശബ്ദം കൊണ്ടും തനത് ഭാവം കൊണ്ടും സിനിമയില്‍ സ്വന്തം ഇടം തീര്‍ത്ത നടനാണ് ക്യാപ്റ്റന്‍ രാജു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു. വില്ലന്‍ വേഷങ്ങളാണ് ക്യാപ്റ്റന്‍ രാജുവിന് പ്രേക്ഷകമനസ്സില്‍ ഇരിപ്പിടം നല്‍കിയത്. പിന്നീട് സ്വഭാവ നടനായും അദ്ദേഹം തിളങ്ങി. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്‌നേഹഗാഥ, മി.പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
1981 ല്‍ പുറത്തിറങ്ങിയ രക്തം ആണ് ആദ്യ സിനിമ. പത്തനം തിട്ടയിലെ ഓമല്ലൂരിലായിരുന്നു ജനനം. സൈനിക സേവനം പൂര്‍ത്തിയാക്കിയശേഷമാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പവനായി, നിക്കോളാസ്, കാബൂളിവാലയിലയിലെ സര്‍ക്കസ് ഉടമ തുടങ്ങി മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഏക മകന്‍ രവിരാജ്
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകുംവഴി വിമാനത്തില്‍ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. തുടര്‍ന്ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അവിടെ ചികിത്സ ലഭ്യമാക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലേക്ക് തുടര്‍ ചികിത്സയ്ക്കായി കൊണ്ടുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."