പിണങ്ങിയും ബഹിഷ്‌കരിച്ചും സ്വന്തം കുഴി തോണ്ടരുത്
യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിയാതെപോയത് അസൗകര്യംമൂലമായിരുന്നെന്നു കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി വിശദീകരണം നല്‍കിയിരിക്കുകയാണ്. അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ കാരണമാണു പങ്കെടുക്കാനാവാതെ പോയതെങ്കില്‍ അവിശ്വസിക്കേണ്ട കാര്യമില്ല.
കെ.എം മാണി സമീപകാലത്തായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ഉന്നയിച്ചുവരുന്ന ആരോപണങ്ങള്‍ പറഞ്ഞുതീര്‍ക്കുവാനും ഒരുമ അരക്കിട്ടുറപ്പിക്കുവാനുംകൂടിയായിരുന്നു കഴിഞ്ഞദിവസം യു.ഡി.എഫ് യോഗം ചേര്‍ന്നത്. കേരളാ കോണ്‍ഗ്രസിലെ രണ്ടാംസ്ഥാനക്കാരനായ പി.ജെ ജോസഫ് ഉച്ചവരെ തിരുവനന്തപുരത്തുണ്ടായിട്ടും യോഗത്തില്‍ പങ്കെടുത്തില്ല. മാണിക്കു പങ്കെടുക്കാനായില്ലെങ്കിലും ജോസഫിനെയോ മറ്റേതെങ്കിലും പ്രതിനിധിയെയോ അയയ്ക്കാതിരുന്നതു സംശയങ്ങളുണ്ടാക്കുമെന്നുറപ്പ്.
ബാര്‍ക്കോഴ വിവാദത്തില്‍ കെ.എം മാണിക്കു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതിനെത്തുടര്‍ന്നാണു കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ തിരിഞ്ഞുതുടങ്ങിയത്. മാണിക്കെതിരേ ദ്രുതപരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ധൃതികാട്ടിയെന്ന പരാതി അന്നേ അവര്‍ പരോക്ഷമായി ഉന്നയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ക്കു വിലങ്ങിട്ടത് കെ.എം മാണിയാണെന്ന ധാരണയാലായിരിക്കണം ഇങ്ങനെ ചെയ്തതെന്നും അവര്‍ വിശ്വസിച്ചു.
മാണിക്കെതിരേ പ്രത്യക്ഷത്തില്‍ തെളിവില്ലെന്നു ബോധിപ്പിച്ച അന്നത്തെ വിജിലന്‍സ് ഡയരക്ടര്‍ വിന്‍സണ്‍ എം പോളിനെതിരേ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയും ഈ പരാമര്‍ശം നീക്കിക്കിട്ടാന്‍ നടത്തിയ നീക്കം അതിലേറെ രൂക്ഷമായ പരാമര്‍ശത്തിലേയ്ക്കു നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു മാണിയുടെ രാജി അനിവാര്യമായത്. അവിടം മുതല്‍ തുടങ്ങി ഉമിത്തീ എരിഞ്ഞുകത്തല്‍.
മാണിക്കെതിരേ കോടതി നടത്തിയതു വിധിപ്രസ്താവമായിരുന്നില്ല. വിചാരണവേളയില്‍ കോടതി നടത്താറുള്ള നിരീക്ഷണങ്ങള്‍ക്കു വിധിയുമായി ബന്ധമുണ്ടാകണമെന്നില്ല. മാണി അഴിമതിക്കാരനാണെന്നോ അദ്ദേഹം കോഴവാങ്ങിയിട്ടുണ്ടെന്നോ ഇതുവരെ തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് അദ്ദേഹം കുറ്റവാളിയല്ല. കുറ്റവാളിയല്ലാത്ത ഒരാള്‍ അഴിമതിയാരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്നതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലരാണെന്നു കേരളാ കോണ്‍ഗ്രസുകാര്‍ വിശ്വസിച്ചതിന്റെ പരിണതഫലമാണ് ഈ പിണക്കവും വിമര്‍ശനവും.
ബിജുരമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങില്‍ രമേശും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തതു കേരളാ കോണ്‍ഗ്രസിനകത്ത് പുകഞ്ഞിരുന്ന ഉമിത്തീ ആളിപ്പടര്‍ത്താന്‍ കാരണമായി. അതോടെ കുറ്റാരോപണങ്ങള്‍ക്കു തീവ്രതകൂടി. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്നതിനാലാവാം യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്.
എന്നാല്‍, ഘടകകക്ഷികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ട ബാധ്യത യു.ഡി.എഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനുണ്ട്. 'സ്വതവേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണു കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ. വിവിധ പാര്‍ട്ടികളുടെ കോഡിനേഷനാണോ കേരളത്തിലെ കോണ്‍ഗ്രസ് എന്നു തോന്നിപ്പിക്കുംവിധമാണു പാര്‍ട്ടിനേതാക്കളുടെ പ്രതികരണങ്ങള്‍ പലപ്പോഴും. വ്യത്യസ്ത ഗ്രൂപ്പുകള്‍ വിവിധപാര്‍ട്ടികളെപ്പോലെ പെരുമാറുന്ന അത്ഭുതക്കാഴ്ചയാണ് ഇവിടെ കാണുന്നത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പാലക്കാട്ട് മത്സരിച്ച എം.പി വീരേന്ദ്രകുമാര്‍ സി.പി.എമ്മിലെ എം.ബി രാജേഷിനോട് പരാജയപ്പെടേണ്ടിവന്നത് കോണ്‍ഗ്രസിന്റെ കാലുവാരല്‍ കൊണ്ടായിരുന്നുവെന്ന ജനതാദള്‍ (യു) വിന്റെ ആരോപണം കോണ്‍ഗ്രസ് നേതൃത്വം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും നേമത്ത് ജനതാദള്‍ (യു) സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ള പരാജയപ്പെട്ടത് ഒ. രാജഗോപാലിനു വോട്ടു മറിച്ചതുകൊണ്ടായിരുന്നുവെന്ന ആരോപണവും കോണ്‍ഗ്രസിനെതിരേ കത്തിനില്‍ക്കുന്നു.
ഇത്തരം ആരോപണങ്ങളോടെല്ലാം നിസ്സംഗമനോഭാവം പുലത്തുന്നതു യു.ഡി.എഫ ിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിക്കു ഭൂഷണമല്ല. ആര്‍ക്കും തനിച്ചു മത്സരിക്കാനും ജയിക്കാനും കഴിയാത്തതുകൊണ്ടാണു മുന്നണി രാഷ്ട്രീയം പരീക്ഷിക്കപ്പെട്ടത്. എല്ലാ ഘടകകക്ഷികളെയും തുല്യഭാവേന കാണേണ്ട ബാധ്യത മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കക്ഷി എന്ന നിലക്ക് കോണ്‍ഗ്രസിനുണ്ട്. ഗ്രൂപ്പ് അതിപ്രസരംകൊണ്ടു വീര്‍പ്പുമുട്ടുന്ന കോണ്‍ഗ്രസ് ഘടകകക്ഷികളുടെ പരാതികളില്‍ പരിഹാരം കാണുന്നതില്‍ വിജയിച്ചിട്ടില്ല.
എന്നിരുന്നാലും കെ.എം മാണി യു.ഡി.എഫ് വിട്ടുപോകുന്നത് അദ്ദേഹത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും ഭാവിക്ക് ഒട്ടും അനുഗുണമാവില്ല. മാണിയുടെ രാജിക്കുവേണ്ടി ഏറ്റവുമധികം മുറവിളികൂട്ടിയത് ബി.ജെ.പിയും യുവമോര്‍ച്ചയുമായിരുന്നുവെന്നു മാണി ഓര്‍ക്കണം. ബാര്‍ക്കോഴ അഴിമതിയുടെ പേരില്‍ കെ.എം മാണിയെ കേരളീയ സമൂഹത്തിനു മുന്നില്‍ വെറുക്കപ്പെട്ടവനായി ചിത്രീകരിച്ചതു ബി.ജെ.പിയായിരുന്നു. കെ.എം മാണിയുടെ രാജിക്കു വേണ്ടി സെക്രേട്ടറിയറ്റില്‍ തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അന്നു ജലപീരങ്കിയുപയോഗിച്ചാണു തുരത്തിയത്.
ഇപ്പോള്‍ കെ.എം മാണിയെ വിശുദ്ധനായി പ്രഖ്യാപിച്ച് എന്‍.ഡി.എയിലേയ്ക്കു ക്ഷണിക്കുന്നു ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇതു മധ്യതിരുവിതാംകൂറില്‍ ചുവടുറപ്പിക്കാനുള്ള ബി.ജെ.പിയുടെ കുരുട്ടുബുദ്ധിയാണ്. ഇത്തരം വാരിക്കുഴിയില്‍ കേരളകോണ്‍ഗ്രസ് വീഴില്ലെന്നുതന്നെയാണു പൊതുസമൂഹത്തിന്റെ വിശ്വാസം. അതേസമയം, ഘടകകക്ഷികളെ തുല്യപരിഗണനയോടെ കാണുകയും ചതിക്കാത്ത ചന്തുവായി മാറേണ്ട ബാധ്യതയും കാണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയാണെങ്കില്‍ യു.ഡി.എഫിനു പിന്നെയെന്തു രക്ഷ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."