HOME
DETAILS

ജനവിധിക്കു ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്

  
backup
June 15 2019 | 20:06 PM

indian-politics-after-election-16-06-2019

 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായത് വന്‍ തകര്‍ച്ചയാണെന്നാണ് പ്രത്യക്ഷ നിരീക്ഷണമെങ്കിലും ജനവിധിയുടെ അര്‍ഥാന്തരങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇനിയുമൊരങ്കത്തിന് ബാല്യമില്ലാത്ത തരത്തില്‍ തരിപ്പണമായിപ്പോയി എന്ന് പറഞ്ഞുകൂടാ. ഒറ്റ സീറ്റും ലഭിച്ചില്ലെങ്കിലും ഡല്‍ഹിയിലും ത്രിപുരയിലുമടക്കം പല സംസ്ഥാനങ്ങളിലും രണ്ടാം കക്ഷിയാണ് കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ തൃണമൂലിനെതിരായ നിലപാടിന്റെ ഭാഗമായി സി.പി.എം അണികള്‍ ബി.ജെ.പിക്കു വോട്ടു ചെയ്തത് മൂലം 'വിപ്ലവത്തിന്' കെട്ടിവച്ച കാശ് നഷ്ടപ്പെട്ടപ്പോഴും സ്വന്തം ശക്തികേന്ദ്രങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനായി.

കര്‍ണാടകയില്‍ സ്ട്രാറ്റജിയിലുണ്ടായ താളപ്പിഴകളും ഉള്‍പ്പോരുകളുമാണ് കോണ്‍ഗ്രസിനു വിനയായതെന്ന് ജനവിധിക്കുശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ഒന്നാന്തരം പ്രകടനം തെളിയിച്ചു. അപ്പോഴെല്ലാം ഒരുകാര്യം പ്രകടമായി. അണികളല്ല പാര്‍ട്ടിക്കു ഭാരം. അധികാരമോഹം തലയ്ക്കു പിടിച്ച നേതാക്കളാണ്. അതായത് ശരിയായ രീതിയിലുള്ള പുനര്‍വിചാരത്തിനും കൃത്യമായ ആസൂത്രണത്തിനും തയ്യാറായാല്‍ ഒരു ദേശീയ ബദലായി പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ കഴിയും. ഇല്ല, മാധ്യമങ്ങളെന്തു പറഞ്ഞാലും ശരി, കൂടുതല്‍ മെച്ചപ്പെട്ട ഇടങ്ങള്‍ തേടി കൂറുമാറാന്‍ വെമ്പുന്ന നേതാക്കള്‍ എന്തെല്ലാം കാട്ടിക്കൂട്ടിയാലും ശരി, രാഹുല്‍ ഗാന്ധി എന്തുമാത്രം നാടകം കളിച്ചാലും ശരി, കോണ്‍ഗ്രസിനെ എഴുതിത്തള്ളാനായിട്ടില്ല.

ബദല്‍ കോണ്‍ഗ്രസ് മാത്രം

എന്നാല്‍ കോണ്‍ഗ്രസിനിതു തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് ബി.ജെ.പി നേടിയ വന്‍ വിജയത്തേക്കാളും രാജ്യത്തെ ആശങ്കയിലകപ്പെടുത്തേണ്ട സംഗതി. മോദി വിരുദ്ധ പ്ലാറ്റ് ഫോമില്‍ അണിനിരന്ന പ്രാദേശിക പാര്‍ട്ടികളെല്ലാം വിശ്വസിച്ചത് ജാതിയുടെയും പ്രാദേശികതയുടെയും അടിസ്ഥാനത്തിലുള്ള വിഭജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കളിച്ചാല്‍ വിജയിച്ചു കയറാം എന്നാണ്. സ്വന്തമായി ജാതി രാഷ്ട്രീയ വോട്ട് ബാങ്കില്ലാത്ത കോണ്‍ഗ്രസിനെ ഒരരുകാക്കി, രാഷ്ട്രീയ തന്ത്രങ്ങള്‍ വേണ്ടത്ര സ്വായത്തമാക്കിയിട്ടില്ലാത്ത രാഹുല്‍ ഗാന്ധിയെ സമ്മര്‍ദത്തിലാക്കി പ്രധാനമന്ത്രിയാവാമെന്നാണ് ഓരോ നേതാവും കരുതിയത്. അവരുടെ പ്രധാനമന്ത്രിക്കുപ്പായങ്ങള്‍ പെട്ടിയിലടച്ചുവയ്‌ക്കേണ്ടി വന്നു എന്നതുമാത്രമല്ല വിഷയം, ജാതി രാഷ്ട്രീയത്തെ അപ്രസക്തമാക്കി നരേന്ദ്രമോദി മതാടിസ്ഥാനത്തിലുള്ള വിഭജനം സൃഷ്ടിച്ചെടുക്കുകയും അതു തനിക്കനുകൂലമാക്കി മാറ്റുകയും ചെയ്തു എന്നതാണ്.

സ്പര്‍ധയുടെ രാഷ്ട്രീയത്തിന് ഇന്ത്യന്‍ മനസ്സില്‍ ശരിയായ ഇടം കിട്ടിക്കഴിഞ്ഞു. ആ രാഷ്ട്രീയത്തോട് ഏറ്റുമുട്ടാന്‍ മായാവതിയോ അഖിലേഷ് യാദവോ നിതീഷ് കുമാറോ മുന്നോട്ടുവയ്ക്കുന്ന ജാതി രാഷ്ട്രീയത്തിനു ശേഷിയുണ്ടാവാനിടയില്ല. ചന്ദ്രശേഖരറാവുവും മമതാ ബാനര്‍ജിയും പ്രതിനിധാനം ചെയ്യുന്ന പ്രാദേശികതാബോധത്തിനും ബി.ജെ.പിയുടെ ഹിന്ദുത്വമതാത്മകതയോട് ഏറ്റുമുട്ടാനാവില്ല. കോണ്‍ഗ്രസിന്റെ ദേശീയതയിലധിഷ്ഠിതമായ പാരമ്പര്യത്തിനും മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യലിബറല്‍ ബോധത്തിനും മാത്രമേ, ബി.ജെ.പിയ്ക്ക് ബദലാവാന്‍ കഴിയുകയുള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് തെളിയിച്ചത്. ഇതു തിരിച്ചറിഞ്ഞ നേതാവാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

എന്നാല്‍ കോണ്‍ഗ്രസ് ഇതു തിരിച്ചറിയുന്നില്ല എന്നതാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സങ്കടം. തിരിച്ചറിഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടിയില്‍ ഭിന്നതകള്‍ ഉടലെടുക്കുകയും അതു കടുത്ത പരസ്പരസംഘര്‍ഷത്തിലേക്ക് നീങ്ങുകയുമില്ലായിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പോര് ശക്തിക്ഷയത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്തിക്കും. കര്‍ണാടകയിലും തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി കൂടുതല്‍ ശിഥിലമാവുകയാണ്. തെലങ്കാനയിലെ കൂട്ടക്കൊഴിഞ്ഞുപോക്കും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ് സംസ്‌കാരം അത്തരം ചില ദുസ്സൂചനകള്‍ ഇന്ത്യയിലുടനീളം പ്രസരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ രാഹുല്‍ ഗാന്ധിയുടെ രാജി പാര്‍ട്ടിക്കേല്‍പ്പിക്കുന്ന പരുക്ക് ചില്ലറയായിരിക്കുകയില്ല. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ജനാധിപത്യമര്യാദയനുസരിച്ച് സമുചിതം തന്നെ. പക്ഷെ, അടിമുടി ഉടച്ചുവാര്‍പ്പും നവീകരണവും പാര്‍ട്ടി ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം നേതൃത്വമുപേക്ഷിക്കുന്നത് യുദ്ധത്തിനിടയില്‍ സൈന്യാധിപനെ മാറ്റുന്നതിനു തുല്യമാണ്. സംഘ്പരിവാര്‍ ശക്തികള്‍ക്ക് ബദലാവാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിത്. ഓരോ സംസ്ഥാനത്തും പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും കൂടി ലഭിച്ച വോട്ട് ഷെയര്‍ അതു വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് അമ്പേ തകര്‍ന്നു എന്നു കരുതുന്നത് മൗഢ്യമാണെന്ന് തീര്‍ച്ച. ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയുള്ള ഒരു മഹാസഖ്യത്തിനു മാത്രമേ സാധിക്കുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പു കാലത്ത് അത്തരമൊരു സഖ്യം സാധ്യമായില്ല.

എഴുതിത്തള്ളുന്നത് വിഡ്ഢിത്തം

കോണ്‍ഗ്രസിന്റെ കരുത്ത് ഇന്ത്യയിലെ പ്രാദേശിക കക്ഷികള്‍ നല്ലപോലെ തിരിച്ചറിഞ്ഞിരുന്നു എന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം രൂപപ്പെട്ട സഖ്യങ്ങള്‍ സൂചിപ്പിക്കുന്നത്. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന് മോദിയും കൂട്ടരും ആര്‍ത്തുവിളിച്ചു നടന്നത് വെറുതെയല്ല. ഇന്ത്യയിലെ ചെറുപാര്‍ട്ടികള്‍ക്കുള്ള ജാതിയിലും പ്രാദേശികതയിലും കേന്ദ്രീകരിച്ചു നില്‍ക്കുന്ന പിന്തുണയെ തങ്ങളുടെ മതോന്മുഖ രാഷ്ട്രീയംകൊണ്ട് മറികടക്കാമെന്ന് കൃത്യമായി ബി.ജെ.പി കണക്കുകൂട്ടി. പിന്നെയുള്ള തടസ്സം കോണ്‍ഗ്രസിന്റെ മതേതര ഇമേജാണ്. ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ബഹുസ്വരതയുടെ പ്രതീകമായി വര്‍ത്തിക്കുന്ന ഈ ഇമേജിനെതിരെ ആഞ്ഞടിച്ചേ മതിയാവുമായിരുന്നുള്ളൂ സംഘ്പരിവാറിന്. അമിത്ഷായുടെയും അതിരു കടന്ന ഗാന്ധി കുടുംബവിമര്‍ശനങ്ങള്‍ ഈ അര്‍ഥത്തില്‍ കൃത്യമായ ആസൂത്രണത്തിന്റെ നിര്‍മിതികളാണ്.

ഇതേ മുദ്രാവാക്യം തന്നെയാണ് കേരളത്തില്‍ ഇടതുമുന്നണിയും ഉയര്‍ത്തിയത്. കോണ്‍ഗ്രസ് മുക്ത കേരളം. കോണ്‍ഗ്രസിനെ ബി.ജെ.പിയെപ്പോലെയോ അതിലധികമോ അപകടകരമായ രാഷ്ട്രീയപ്രസ്ഥാനമായി ഇടതുപക്ഷം ചിത്രീകരിച്ചു. ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവും ബി.ജെ.പിയേക്കാള്‍ പേടിച്ചത് കോണ്‍ഗ്രസിനെയാണ്. സഖ്യം സ്ഥാപിക്കുന്നത് വഴി കോണ്‍ഗ്രസിന് ഉണ്ടാക്കിക്കൊടുക്കുന്ന മാന്യത തങ്ങളുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന ഭീതി മൂലമാണ് ഈ രണ്ടു പാര്‍ട്ടികളും കോണ്‍ഗ്രസിനെ തഴഞ്ഞത്. അമേഠിയും റായ്ബറേലിയും വിട്ടുകൊടുത്തെങ്കിലും അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ജയിക്കരുതെന്ന് മഹാസഖ്യം ആഗ്രഹിച്ചിരുന്നുവെന്നാണ് പില്‍ക്കാലത്ത് പുറത്തുവന്ന നിരീക്ഷണങ്ങള്‍ ദ്യോതിപ്പിക്കുന്നത്. രാഹുലിനെ പ്രധാനമന്ത്രിയാക്കാതിരിക്കാനുള്ള കരുനീക്കങ്ങളുമായി ശരത് പവാറും ചന്ദ്രശേഖര റാവുവും മമതാ ബാനര്‍ജിയുമെല്ലാം പാഞ്ഞു നടന്നതിന്റെ പിന്നിലുണ്ടായിരുന്നതും കോണ്‍ഗ്രസ് പേടിയാണ്.

ചെറുകക്ഷികളുടെ കോണ്‍ഗ്രസ് പേടി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വന്‍ വിജയത്തിനു കാരണമായി. മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറുടെയും ഉവൈസിയുടെയും 'വഞ്ചിത് ബഹുജന്‍ അഗാഡി'യുടെ സാന്നിധ്യം ഒരു ഉദാഹരണമാണ്. ഉത്തര്‍ പ്രദേശ് മറ്റൊന്ന്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചു നിന്ന് തൃണമൂലിനെ എതിര്‍ത്തിരുന്നുവെങ്കില്‍ ബി.ജെ.പിയിലേക്കുള്ള വോട്ടൊഴുക്ക് സംഭവിക്കുമായിരുന്നില്ല. യാഥാര്‍ഥ്യബോധമില്ലാത്ത രാഷ്ട്രീയ നീക്കങ്ങളാണ് ബി.ജെ.പി വിരുദ്ധ ശക്തികള്‍ നടത്തിയത് എന്ന് അന്നും ഇന്നും തിരിച്ചറിഞ്ഞിട്ടുള്ള നേതാവ് സീതാറാം യെച്ചൂരി മാത്രമാണ്. എന്നാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല.

മമതയുടെ വഴികള്‍

ബി.ജെ.പിയുടെ കടന്നുകയറ്റത്തെ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് മമതാ ബാനര്‍ജിയാണ്. പുറമേക്ക് കൂസലൊന്നും കാണിക്കുന്നില്ലെങ്കിലും ബി.ജെ.പിയുടെ മിന്നുന്ന ജയം അവരെ അമ്പരപ്പിച്ചിട്ടുണ്ട്. സി.പി.എമ്മിനെ നേരിടുന്നതു പോലെയല്ല ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുന്നതെന്ന് അവര്‍ക്കറിയാം. അതിനാല്‍ കൃത്യമായ നീക്കങ്ങളിലൂടെ ഹിന്ദുത്വത്തെ നേരിടാനാണ് അവരുടെ ശ്രമം. അതിന് അവര്‍ക്ക് ഏറ്റവും സഹായകമാവുക 'വംഗവികാരം' തന്നെയായിരിക്കും. ആര്‍.എസ്.എസ് മാതൃകയില്‍ ഒരു സാംസ്‌കാരിക സംഘടനയുണ്ടാക്കി ബി.ജെ.പിയെ നേരിടാനാണ് മമതയുടെ പുതിയ നീക്കം. ജയ്ഹിന്ദ് ബാഹിനി എന്ന് അവര്‍ തന്റെ പ്രസ്ഥാനത്തിന് പേരിട്ടിട്ടുമുണ്ട്.

ബംഗാളി വികാരത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് മമതയുടെ ശ്രമം. ബംഗാളികളുടെ പ്രത്യേകാവകാശങ്ങളില്‍ ഊന്നിനില്‍ക്കുകയും ബംഗാളിഭാഷയുടെയും ബംഗാളിന്റെയും പ്രത്യേക സ്വത്വത്തില്‍ കലശലായി അഭിമാനിക്കുകയും ചെയ്യുന്ന ചില പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ അവിടെയുണ്ട്. ഇടതുപക്ഷം അവരോട് സൗഹൃദത്തിലാണ്. 'ബംഗ്ലാ പോഖോ' എന്ന ഇത്തരമൊരു ഗ്രൂപ്പ് ജയ്ബംഗ്ലാ എന്ന മുദ്രാവാക്യത്തിനു വേണ്ടി വാദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ മുദ്രാവാക്യമാണ് മമത ഏറ്റെടുത്തിട്ടുള്ളത്. നേരത്തെ തന്നെ ബംഗാളി വികാരത്തിന് തീപിടിപ്പിച്ചുകൊണ്ടാണ് മമത തന്റെ സ്വാധീനമുറപ്പിച്ചത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രത്തെ ബംഗാളി വികാരമുപയോഗിച്ച് നേരിടാനായിരിക്കും അവരുടെ ഇനിയുള്ള ശ്രമങ്ങള്‍.

തിരിച്ചറിവും തിരിച്ചുപോക്കും

മായാവതിയും അഖിലേഷ് യാദവും തങ്ങളുടെ വോട്ടുബാങ്കിനുമേല്‍ ഹിന്ദുത്വം നേടിക്കൊണ്ടിരിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള ബോധമുള്‍ക്കൊണ്ടിട്ടുണ്ടെന്നു വേണം അതോടൊപ്പം കരുതാന്‍; പ്രത്യേകിച്ചും മായാവതി. ജാതവ സമുദായത്തിലാണ് മായാവതിയുടെ ബി.എസ്.പിക്ക് കൂടുതല്‍ സ്വാധീനം. യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും പിന്നാക്കക്കാരായ ജനവിഭാഗക്കാരില്‍ അവര്‍ക്ക് അനുയായികള്‍ ഏറെയുണ്ട്. കാന്‍ഷിറാം മുസ്‌ലിംകളിലെ താഴ്ന്ന ജാതിക്കാരേയും (അജ്‌ലഫ്) തന്റെ സങ്കല്‍പ്പത്തിലുള്ള ബഹുജനസമാജത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

എന്നാല്‍ ഭാഗ്യം തേടിയുള്ള മായാവതിയുടെ ചാഞ്ചാട്ടങ്ങള്‍ പല വിഭാഗങ്ങളേയും പാര്‍ട്ടിയില്‍ നിന്ന് അകറ്റി. രണ്ടാംനിര നേതാക്കന്മാരെ വളര്‍ന്നു വരാന്‍ മായാവതി അനുവദിച്ചതുമില്ല. മായാവതിയുടെ സ്വാധീനത്തിനു മങ്ങലേല്‍പ്പിച്ചുകൊണ്ട് ദലിത് സമൂഹത്തില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയവര്‍ ഉയര്‍ന്നുവരികയും ചെയ്തു. ഈ സാഹചര്യത്തില്‍ സ്വന്തം സ്വാധീനം ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിനെ അടുപ്പിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് മായാവതി നിശ്ചയിച്ചത്. കോണ്‍ഗ്രസ് തനിക്കുള്ള ജനപിന്തുണയുടെ മണ്ഡലത്തില്‍ കടന്നുവന്ന് സ്ഥാനമുറപ്പിച്ചേക്കുമോ എന്നായിരുന്നു അവരുടെ ഭീതി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.

ബി.ജെ.പി കോണ്‍ഗ്രസിനെ മറികടന്ന് അവിടെ ഇടം കണ്ടെത്തി. ഹിന്ദുത്വ ആശയങ്ങളിലൂന്നി നില്‍ക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാനായിരിക്കും താരതമ്യേന ദുര്‍ബലമായ കോണ്‍ഗ്രസിനെ നേരിടുന്നതിനേക്കാള്‍ പ്രയാസം എന്ന് തിരിച്ചറിഞ്ഞ മായാവതി സ്വന്തം അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുന്നത്. യാദവരുമായുള്ള ഐക്യം ദോഷമേ വരുത്തുകയുള്ളൂ എന്നവര്‍ തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് തന്നെയാണ് മറ്റൊരു തലത്തില്‍ എസ്.പിക്കുമുള്ളത്. ബി.ജെ.പിയുടെ ഹിന്ദുത്വ ആശയങ്ങളെ നേരിടാന്‍ വേണ്ടി ഇരുകൂട്ടരും തങ്ങളുടെ ആദിമൂലങ്ങളിലേക്ക് തിരിച്ചുപോകുന്നു എന്ന് ചുരുക്കം.

ഇങ്ങനെയൊരു സ്വയം പ്രതിരോധത്തിനു പകരം ജനാധിപത്യമൂല്യങ്ങളെ ഇന്ത്യന്‍ രാഷ്ട്രവ്യവസ്ഥയില്‍ പ്രതിഷ്ഠിക്കുകയാണ് രാജ്യത്തെ വീണ്ടെടുക്കുന്നതിനുള്ള ബദല്‍ മാര്‍ഗം. അതോടൊപ്പം തൊഴിലാളികളുടെയും അധഃസ്ഥിതരുടെയും ജനകീയ സമരങ്ങള്‍ രൂപപ്പെടുകയും വേണം. ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യയിലുടനീളം വേരുകളുള്ളതും ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെയായിരിക്കും എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടാവേണ്ട രാഷ്ട്രീയ ശക്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago