ചുക്കാന്‍ പിടിക്കാന്‍ പിണറായിയും ചെന്നിത്തലയും സെമി ഫൈനല്‍ പോരാട്ടം കനക്കും
കോഴിക്കോട്: ആറു മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള സെമി ഫൈനലായ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികളെ ആര് നയിക്കുമെന്ന ചോദ്യം സജീവം. യു.ഡി.എഫില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ പിടിക്കുകയെന്ന് ഉറപ്പായി. എല്‍.ഡി.എഫില്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും പ്രധാന പ്രചാരകന്‍. ബി.ജെ.പിക്കായി കെ. സുരേന്ദ്രന്‍ രംഗത്തുവരുന്നുണ്ടെങ്കിലും സമീപ ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായത് തലവേദനയാകും.
മകനെതിരേയുള്ള ഇ.ഡി കേസിന്റെ പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്രകണ്ട് പരസ്യ പ്രചാരണത്തില്‍ സജീവമാകുമെന്ന് കണ്ടറിയണം. എന്നാല്‍, അണിയറയില്‍ കോടിയേരി തന്നെയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വി.എസ് അച്യുതാനന്ദനും യു.ഡി.എഫിനെ ഉമ്മന്‍ചാണ്ടിയുമാണ് നയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ രണ്ടുപേരും സജീവമാകില്ല. മുന്‍ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ താരപ്രചാരകനായിരുന്ന വി.എസ് അച്യുതാനന്ദന്‍ ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ വീട്ടില്‍ വിശ്രമത്തിലാണ്.ഉമ്മന്‍ചാണ്ടി സജീവമായി കളത്തിലിറങ്ങില്ലെങ്കിലും മധ്യകേരളത്തിലെ പ്രചാരണത്തിനു നേതൃത്വം നല്‍കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുണ്ടാകും. മലബാറില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെയും മധ്യകേരളത്തിലെ കേരള കോണ്‍ഗ്രസ് സ്വാധീന മേഖലയില്‍ പി.ജെ ജോസഫിനെയും രംഗത്തിറക്കും. മധ്യകേരളത്തില്‍ ജോസ് കെ. മാണിക്കാകും എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ചുമതല.
കൊവിഡ് പശ്ചാത്തലത്തില്‍ പൊതുപരിപാടികളില്‍ വിട്ടുനില്‍ക്കാനാണ് പല നേതാക്കളുടെയും തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശം ചൂടുപിടിക്കുന്നതോടെ പലരും രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്നതിനൊപ്പം അണികളെ ആവേശത്തിലാക്കാന്‍ നേതാക്കളുടെ സാന്നിധ്യവും പ്രസംഗങ്ങളും അനിവാര്യമാണെന്ന് മുന്നണികള്‍ വിലയിരുത്തുന്നു. ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ യു.ഡി.എഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനൗദ്യോഗിക തുടക്കം കുറിച്ചുകഴിഞ്ഞു. ഏഴു ജില്ലകളില്‍ ഇതിനകം യോഗം നടന്നുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."