തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംബസിക്ക് കീഴിൽ നൂതന സംവിധാനങ്ങൾ, കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അടിയന്തിര കേസുകൾക്ക്; അംബാസഡർ ഡോ: ഔസാഫ് സഈദ്
മദീന: ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതനമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രവാസികളുടെ ക്ഷേമ കാര്യത്തിലും തൊഴിൽ സംബന്ധമായ പ്രശ്ന പരിഹാരത്തിനും നിയമത്തിന്റെ വഴിയിൽ നിന്ന് കൊണ്ട് സാധ്യമായ എല്ലാ മാർഗങ്ങളും ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെണെന്നും അംബാസഡർ ഡോ: ഔസാഫ് സഈദ് പറഞ്ഞു. യാംബുവിൽ വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹികളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ച്ചയിൽ സംസാരികുകായായിരുന്നു അംബാസിഡർ.
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഏറ്റവും അർഹതപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ അടിയന്തിര കേസുകൾക്ക് ഉപയോഗിക്കുന്നുണ്ട്. സ്‌പോൺസർമാർ കയ്യൊഴിഞ്ഞ ആളു കൾക്ക് നാട്ടിൽ പോകാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഈ ഫണ്ട് ഉപയോഗിച്ചു വരുന്നുണ്ട്. തൊഴിലിടങ്ങളിലും ജയിലിലും നാടു കടത്തൽ കേന്ദ്രങ്ങളിലുമുള്ള ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ പെട്ടാൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ ചെയ്യും. സഊദി- ഇന്ത്യ നയതന്ത്ര വ്യാപാര ബന്ധം സുശക്തമാണെന്നും ഇരു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
സഊദിയിലെ ഇന്ത്യക്കാർക്ക് ബഹുമുഖ മേഖലകളിൽ സേവനങ്ങൾ ചെയ്യുന്ന ഇന്ത്യൻ പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലാർ സേവനങ്ങൾ ഇന്ത്യക്കാർക്ക് എത്തിക്കാനും അതിനെ കുറിച്ച് പ്രവാസികളെ ബോധവത്‌കരിക്കാനും കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളും സാമൂഹിക സാംസ്‌കാരിക കൂട്ടായ്‌മകളും നൽകുന്ന പിന്തുണ അദ്ദേഹം എടുത്തു പറഞ്ഞു.ജിദ്ദ കോൺസുലേറ്റിലെ വെൽഫെയർ കോൺസുൽ ഹംന മറിയം, റിയാദ് എംബസിയിലെ കൊമേഴ്‌സ് വിഭാഗം സെക്രട്ടറി റിത്തു യാദവ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ സി.സി. ഡബ്ള്യൂ അംഗം ശങ്കർ എളങ്കൂർ അധ്യക്ഷത വഹിച്ചു. മാമുക്കോയ ഒറ്റപ്പാലം (കെ. എം. സി. സി), അസ്‌ക്കർ വണ്ടൂർ (ഒ. ഐ. സി. സി ), സിബിൾ ബേബി (നവോദയ), സലിം വേങ്ങര (യാംബു മലയാളി അസോസിയേഷൻ), ജാബിർ വാണിയമ്പലം (തനിമ), അബ്ദുൽ കരീം പുഴക്കാട്ടിരി( എസ്. ഐ. സി), നിയാസ് പുത്തൂർ ( യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), അഷ്‌റഫ് ആക്കോട് ( ഐ. സി. എഫ്), ഹാഫിസ് റഹ്‌മാൻ മദനി (ദഅവ സെന്റർ ), സാബു വെളിയം ( യാംബു വിചാര വേദി), സോജി ജേക്കബ് ( പ്രവാസി സാംസ്കാരിക വേദി), വദൂദ് ഖാൻ (റദ് വ സ്കൂൾ) എന്നിവർ പ്രസംഗിച്ചു. സി.സി. ഡബ്ല്യൂ അംഗം മുസ്തഫ മൊറയൂർ, അൽ മ നാർ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, കെൻസ് ഇന്റർ നാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ്, സമ മെഡിക്കൽ കോംപ്ലക്സ് മാനേജർ സുഹൈബ് നായക്കൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സി.സി. ഡബ്ള്യൂ അംഗം സിറാജ് മുസ്ലിയാരകത്ത് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."