കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന തിയതി നിശ്ചയിക്കാന്‍ 29ന് കിയാല്‍ യോഗം
കണ്ണൂര്‍: വിമാനത്താവളത്തിന്റെ ഉദ്ഘാടന തിയതി നിശ്ചയിക്കാനുള്ള ഡയരക്ടര്‍ ബോര്‍ഡ് യോഗം 29ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11ന് തിരുവനന്തപുരം അപ്പോളോ ഡിമോറോ ഹോട്ടലിലാണ് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) ഡയരക്ടര്‍ ബോര്‍ഡ് യോഗം നടക്കുക. അമേരിക്കയില്‍നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ഉദ്ഘാടന തിയതി നിശ്ചയിച്ച ശേഷം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഒക്ടോബര്‍ 29ന് വിമാനങ്ങളുടെ ശൈത്യകാല ഷെഡ്യൂള്‍ നിലവില്‍വരാനിരിക്കെ ഒക്ടോബര്‍ അവസാനം വിമാനത്താവള ഉദ്ഘാടനം നടത്താനാണ് കഴിഞ്ഞ ഓഗസ്റ്റ് 18ന് ചേര്‍ന്ന കിയാല്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കണ്ണൂരില്‍ നിന്നു വിമാന സര്‍വിസ് ആരംഭിക്കാന്‍ കഴിയുന്ന രീതിയിലാണു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേയും പാസഞ്ചര്‍ ടെര്‍മിനലും പൂര്‍ത്തിയായി. റണ്‍വേ 4000 മീറ്ററാക്കാനുള്ള സ്ഥലമെടുപ്പ് നടപടികളും പുരോഗമിക്കുന്നുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റും സജ്ജമായി. ഏതുസാഹചര്യത്തിലും വിമാനം ഇറക്കാനുള്ള ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) കാലിബ്രേഷന്‍ പരിശോധന ഈ മാസം ഒന്നിനു പൂര്‍ത്തിയായിരുന്നു. അന്തിമ അനുമതിക്കു മുന്‍പായുള്ള ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) രണ്ടുദിവസത്തെ പരിശോധന ഇന്നലെ പൂര്‍ത്തിയായി. വാണിജ്യ സര്‍വിസിനു മുന്നോടിയായുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള വലിയ ബോയിങ് 738 വിമാനം ഇന്നു വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതോടെ വിമാന സര്‍വിസിന് വ്യോമയാന വകുപ്പിന്റെ അനുമതിക്കുള്ള എല്ലാ കടമ്പകളും പൂര്‍ത്തിയാകും. എമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗവും അന്തരീക്ഷമാപിനി ഉപകരണങ്ങളും നേരത്തേതന്നെ തയാറായിരുന്നു. അഗ്നിശമനസേനാ ഉപകരണങ്ങളും സജ്ജമാക്കിക്കഴിഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ കണ്ണൂരില്‍ നിന്ന് ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വിസ് നടത്താന്‍ കിയാല്‍ അധികൃതരുമായി ധാരണയിലെത്തിയിട്ടുണ്ട്. വിദേശ വിമാനക്കമ്പനികള്‍ക്കു കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ അനുമതി ലഭിക്കാത്തതിനാല്‍ ആദ്യഘട്ടം വിദേശ വിമാനങ്ങള്‍ കണ്ണൂരിലെത്തില്ല. വിമാന സര്‍വിസിന് അനുമതി ലഭിച്ചാല്‍ വിദേശക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കുകയാണ് കിയാലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രധാന കടമ്പ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."