മെഡിക്കല്‍ കോളജ് പരിസരത്ത് പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ
കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. ശുദ്ധജലം പാഴാകുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രില്‍ 20ന് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. മെയ് അഞ്ചിനകം ജലചോര്‍ച്ച പരിഹരിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യൂത്ത്ലീഗ് നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നടപടിസ്വീകരിച്ചിരുന്നില്ല.
കടുത്തവേനലിലും ജലം പാഴാകുന്നത് തുടര്‍ന്നതോടെയാണ് യൂത്ത്ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നാലുമണിക്കൂറോളം എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യമനുസരിച്ച് സ്ഥലം സന്ദര്‍ശിക്കുകയും ജലചോര്‍ച്ച സംബന്ധിച്ച പ്രശ്നങ്ങള്‍ മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്ന എന്‍ജിനീയറുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. പാഴായി ഒഴുകുന്ന വെള്ളം സി.എച്ച് സെന്ററിന്റെ പിന്‍വശത്തെ താഴെഭാഗത്തുള്ള പുറമ്പോക്കില്വച്ച് കുടിവെള്ള മാഫിയ രാത്രിസമയങ്ങളില്‍ ടാങ്കര്‍ലോറിയില്‍ കടത്തികൊണ്ടുപോകുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്കി. ഉപരോധ സമരത്തിന് നോര്‍ത്ത് മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ടി.പി.എം ജിഷാന്‍, ജില്ലാ സെക്രട്ടറി എസ്.വി മുഹമ്മദ് ഷൗലീക്ക്, നോര്‍ത്ത് മണ്ഡലം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി വി.സുബൈര്‍, ശഫീഖ് തോപ്പയില്‍, ഷൗക്കത്ത് വിരുപ്പില്‍, ഫിറോസ് കോട്ടാംപറമ്പ്, റിഷാദ് പുതിയങ്ങാടി, യാസര്‍ വെള്ളയില്‍, മേഖലാ നേതാക്കളായ മുജീബ് പുതിയകടവ്, ജാഫര്‍ തോപ്പയില്‍, അനീഷ് പണിക്കര്‍റോഡ്, നബീല്‍ തോപ്പയില്‍, ഷമീല്‍ നടക്കാവ്, മുഷ്താക്ക് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."