ചോരച്ച ചില നേരങ്ങള്‍
1
ഒരു ആരവം കേട്ടാണ് ബ്ലഡ് ഉണര്‍ന്നത്.
ങും....?
ഇച്ചിരി...
എന്തിനാ?
ബാങ്കിലേയ്ക്കാ...
ഉത്തമര്‍ണനെയും അധമര്‍ണനെയും സൃഷ്ടിക്കുന്ന, ഇല്ലാത്തവന്റെ അവസാനത്തെ ശ്വാസവും വലിച്ചൂറ്റുന്ന കണ്ണില്‍ ചോരയില്ലത്ത ഇടത്തിലേയ്‌ക്കോ...!
നോ സര്‍.. ബ്ലഡ് ബാങ്കിനുവേണ്ടിയാണ്
വാങ്ങല്‍ കൊടുക്കലിന്റെ വണിക് തന്ത്രമല്ലേ...?
അയാം റിയലി സോറി...!
ബ്ലഡ് വന്നിടത്തേയ്ക്കു തന്നെ തിരിച്ചുപോയി.
2
മുട്ടു കേട്ടാണ് ബ്ലഡ് ഡോര്‍ തുറന്നത്...
ഉറക്കച്ചടവില്‍ അവന്‍ കാര്യമെന്തെന്ന് തിരക്കി.
ഒരടിയന്തരം...
ഞാന്‍ മന്തിച്ചോറല്ലല്ലോ...!
അതല്ല സര്‍... എമര്‍ജന്‍സി... ഒരു ഓപ്പറേഷന്‍...
നിങ്ങള്‍ നടുറോട്ടില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന ഓപ്പറേഷനുകള്‍ എനിക്കറിയാം. നിങ്ങള്‍ സത്യത്തില്‍ എന്റെ കഴുത്താണ് ഞെരിക്കുന്നത്...
സര്‍, തത്വശാസ്ത്രം പറയാനോ കേള്‍ക്കാനോ പറ്റിയ മൂഡിലല്ല..! ഒരു കുഞ്ഞിനെ കീറിയെടുക്കുന്ന സര്‍ജിക്കല്‍...
ഓഹോ! ഒരു പിറവിയുടെ കുറിമാനം... മാതൃത്വത്തിന്റെ ആഘോഷം...
എങ്കില്‍ ഒ.കെ ഞാന്‍ റെഡി.
3
'ഒന്ന് പുറത്തേയ്ക്കു പുറപ്പെട്ട് വന്നാലും വിഭോ...'
ഒരു ലലനാ മണിയുടെ മധുരിത മന്ത്രം..!
ബ്ലഡ് ആര്‍ദ്ര ഹൃദയനായി തരിവളക്കിലുക്കത്തിലേക്ക് കണ്‍ പാര്‍ത്തു.
ഒരു കൃശാംഗയായ മാടപ്പിറാവ്... ഇളം മുളന്തണ്ട്...
വാട്ട്‌സ് ദ മാറ്റര്‍?
ഇന്ന് ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ഒരു പ്രോഗ്രാം..
സോ വാട്ട്...?
ഒന്ന് കോ ഓപ്പറേറ്റ് ചെയ്യണം..
അനീമിയ ബാധിച്ച കുറെ പേഷ്യന്റ്‌സ്
അല്ല .. ഒന്നു ചോദിച്ചോട്ടെ...?
യെസ്...
എന്റെ വിഷയത്തിലെന്തിനാ ഈ ചേരിതിരിവ്... ഐ മീന്‍ ക്ലാസ്സിഫിക്കേഷന്‍ ആന്റ് പ്യൂരിഫിക്കേഷന്‍...?
അല്ല... എബി പോസിറ്റീവ്, നെഗറ്റീവ്... അത് ചില ഗ്രൂപ്പുകളുടെ...
അതെ... സിസ്റ്ററേ എന്തിനാണീ ഗ്രൂപ്പിസമെന്നാ എന്റെ ചോദ്യം!
ഇതെന്താ ഇങ്ങനെയൊക്കെ...?
ട്രംപിന്റെ പൊലിസ് മുട്ടുകാല് കയറ്റിക്കൊന്ന ഫ്‌ളോയിഡ് എന്ന പാവമൊരു മനുഷ്യന്റെ ചോരയുടെ നിറം എന്തായിരുന്നു?
സര്‍.., പ്ലീസ്... ആശുപത്രി കിടക്കയില്‍ പൊളിറ്റിക്‌സ്., നോ..!
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ജര്‍മനിയിലൊരു വംശീയ ഭ്രാന്തന്‍ പതിനായിരങ്ങളെ എന്റെ പേരിലല്ലേ പ്യൂരിഫെ ചെയ്തുകളഞ്ഞത് എന്ന് ചോദിക്കാനൊരുമ്പട്ടെപ്പോഴേയ്ക്കും അവളുടെ തൂവല്‍ സ്പര്‍ശങ്ങള്‍ ബ്ലഡിനെ പൊതിഞ്ഞിരുന്നു.
തടവലും അമര്‍ത്തലും ഒരു പൊളിറ്റിക്‌സ് അല്ലേ എന്ന് ആലോചിച്ചു തുടങ്ങിയതേയുള്ളൂ. ബ്ലഡ് അവളുടെ ഉച്ഛ്വാസ നിശ്വാസങ്ങളിലേയ്ക്ക് അവനെ മെല്ലെ പകര്‍ത്തിക്കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."