യുവാവിന്റെ മരണം കൊലപാതകം തന്നെ; സുഹൃത്തായ പ്രതി അറസ്റ്റില്‍
നിലമ്പൂര്‍: യുവാവ് വനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വടപുറം സ്വദേശി പുളിക്കല്‍ മേരി ബാബു എന്ന മുസ്തഫ ബാബുവി (40) നെയാണ് നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ അറസ്റ്റ് ചെയ്തത്.
വിനോദസഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിനു സമീപത്തെ കരിമ്പ് ജ്യൂസ് വില്‍പനക്കാരനായ വടപുറം വട്ടപറമ്പന്‍ ഫൈസലി (39) ന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് വുഡ് ഇന്‍ഡസ്ട്രീസിന്റെ തകര്‍ന്നുകിടക്കുന്ന ഗസ്റ്റ്ഹൗസ് കാര്‍പോര്‍ച്ചില്‍ ബുധനാഴ്ച കണ്ടെത്തിയിരുന്നത്. കൊലചെയ്യപ്പെട്ട ഫൈസലും ബാബുവും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. പൂട്ടിക്കിടക്കുന്ന വുഡ് ഇന്‍ഡസ്ട്രീസില്‍നിന്ന് അടുത്തിടെ ബാബു മോഷണം നടത്തിയിരുന്നു. ഈ വിവരം വനംവകുപ്പിനെ അറിയിക്കുമെന്നു ഫൈസല്‍ ബാബുവിനോടു പറഞ്ഞിരുന്നുവെങ്കിലും താന്‍ ഇപ്പോള്‍ മോഷണം നടത്തുന്നില്ലെന്നായിരുന്നു ബാബുവിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ടു ഫൈസലും ബാബുവും പിണങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ ഫൈസലിന്റെ സുഹൃത്തുക്കളായ വിജയന്‍, ഹൈദര്‍ എന്നിവര്‍ ഇരുചക്രവാഹനത്തില്‍ ഫൈസലിന്റെ വടപുറത്തെ വീട്ടിലെത്തി. ഹൈദര്‍ ബാബുവിനെ വീട്ടിലേക്കു ക്ഷണിച്ചെങ്കിലും വരില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഫൈസല്‍ നേരിട്ടു ബാബുവിനെ വിളിച്ചുവരുത്തി. പതിനൊന്നരയോടെ നാലു പേരും ചേര്‍ന്നു നിലമ്പൂര്‍ ബിവറേജില്‍നിന്നും വാങ്ങിയ മദ്യവുമായി വനംവകുപ്പിന്റെ പഴയ ബംഗ്ലാവിലേക്കു പോയി.
മദ്യപിച്ച ശേഷം ഹൈദറും വിജയനും മടങ്ങി. ബാക്കിയുണ്ടായിരുന്ന മദ്യം ഇരുവരും ചേര്‍ന്നു കഴിക്കുകയും വുഡ് ഇന്‍ഡസ്ട്രീസിലെ മോഷണം പുറത്തുപറയുമോ എന്നു മേരി ബാബു ഫൈസലിനോട് ചോദിക്കുകയും പറയുമെന്നു പറഞ്ഞതോടെ അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
സമീപത്ത് കിടന്ന കല്ലെടുത്ത് മേരിബാബുവിനെ ഇടിക്കാന്‍ ഫൈസല്‍ ശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഫൈസലിന്റെ കൈവശമിരുന്ന കല്ലെടുത്തു മേരിബാബു ഫൈസലിന്റെ തലയ്ക്കടിച്ചു. തുടര്‍ന്നു വീട്ടിലേക്ക് മടങ്ങിയ ബാബു ഒരു മണിക്കൂറിനു ശേഷം സംഭവസ്ഥലത്തു തിരിച്ചുവന്നപ്പോള്‍ ഫൈസല്‍ മരിച്ച നിലയിലായിരുന്നു. വീണ്ടും അങ്ങാടിയിലെത്തി മുളകുപൊടി വാങ്ങി മടങ്ങിയെത്തിയ പ്രതി കല്ല് വടപുറം പാലത്തിന് സമീപം കുതിരപ്പുഴയില്‍ ഇടുകയും പൊലിസ് നായ മണം പിടിക്കാതിരിക്കാന്‍ കല്ലുമായി പോയ വഴിയില്‍ മുളകുപൊടി വിതറുകയും ചെയ്തു.
മുളക്‌പൊടിയുടെ കവര്‍ കുപ്പിയിലാക്കി ഭദ്രമായി കാട്ടിലുപേക്ഷിക്കുകയും ചെയ്തു. ഇട്ടിരുന്ന ഷര്‍ട്ടും മുണ്ടും റോഡിന് എതിര്‍ വശത്തുള്ള കാട്ടില്‍ ഒളിപ്പിക്കുകയും ചെയ്തു. നേരത്തെ മോഷണക്കേസുകളില്‍ ബാബു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു പൊലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നാല് ഭാഗങ്ങളായി തിരിഞ്ഞാണ് പൊലിസ് അന്വേഷണം നടത്തിയത്. 14 പേരെയാണ് ചോദ്യം ചെയ്തത്. സി.ഐ കെ.എം ദേവസ്യ, എസ്.ഐ പി. പ്രദീപ് കുമാര്‍, എ.എസ്.ഐ അസൈനാര്‍, സുനില്‍, സി.ഐ സ്‌ക്വാഡിലെ രജേഷ് കുട്ടപ്പന്‍, ടി.ടി ബിനോബ്, പി.സി വിനോദ്, അജീഷ്, ജയരാജ്, മാത്യു, ഡബ്ലിയു.സി.പി.ഒ റഹിയാനത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."