ഐ.എന്‍.ടി.യു.സി കലക്ടറേറ്റ് മാര്‍ച്ച് 22ന്
കല്‍പ്പറ്റ: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന കുടിശിക വേതനം ഉടന്‍ വിതരണം ചെയ്യുക, ക്വാറി മേഖല സ്തംഭനം പരിഹരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ചെമ്പ്ര എസ്റ്റേറ്റ് തുറുന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22ന് രാവിലെ 10ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
കേരളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന 626 കോടി രൂപയുടെ കുടിശിക വേതനം വിതരണം ചെയ്യണം. തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ണമായി 100 ദിവസം ജോലി നല്‍കണമെന്നും, കാര്‍ഷിക മേഖലയിലേക്ക് കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും നടക്കുന്ന സമരപരിപാടികളുടെ ഭാഗമായാണ് കലക്ടറേറ്റിലേക്കും സമരം സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ 15 കോടി രൂപയുടെ കുടിശിക വേതനം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുണ്ട്്. കൂടാതെ വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ തരത്തില്‍ നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും തോട്ടങ്ങള്‍ പൂട്ടിയിടുമ്പോള്‍ തൊഴിലാളികള്‍ക്ക് ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ സൗജന്യ റേഷനും മറ്റാനുകൂല്യങ്ങളും ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി.
പി.കെ അനില്‍കുമാര്‍, പി.കെ കുഞ്ഞിമൊയ്തീന്‍, സി ജയപ്രസാദ്, എന്‍ വേണുഗോപാല്‍, ഡി യേശുദാസ്, ഷൈനി ജോയി, വി.എന്‍ ലക്ഷ്മണന്, ഗിരീഷ് കല്‍പ്പറ്റ, പി.എന്‍ ശിവന്, ഉമ്മര്‍, കെ.എം വര്‍ഗീസ്, ബി സുരേഷ്ബാബു, ടി.എ റെജി, ശ്രീനിവാസന് തൊവരിമല, മോഹന്‍ദാസ്, നജീബ് പിണങ്ങോട്, ഒ ഭാസ്ക്കരന്‍, കെ.കെ രാജേന്ദ്രന്, തങ്കമ്മ യേശുദാസ്, സുജയ വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."