പ്ലസ്‌വണ്‍ ബാച്ച് മാറ്റം മലപ്പുറം ഉള്‍പ്പെടെ മൂന്നുജില്ലകളിലേക്ക്
മലപ്പുറം: സംസ്ഥാനത്തെ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വണ്‍ സീറ്റുകള്‍ സീറ്റുക്ഷാമം രൂക്ഷമായ ജില്ലകളിലേക്ക് മാറ്റുന്നതുസംബന്ധിച്ച തുടര്‍തീരുമാനം ജൂണ്‍ 30ന് ഉണ്ടായേക്കും. മുഖ്യഘട്ട അലോട്ടുമെന്റുകള്‍ക്കു പിന്നാലെ രണ്ടുതവണ സപ്ലിമെന്ററി അലോട്ട്‌മെന്റും പൂര്‍ത്തിയായ പശ്ചാതലത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഇടംപിടിച്ചവര്‍ക്ക് പ്രവേശനം നേടാന്‍ 25ന് വൈകീട്ട് നാലുവരേയാണ് സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്. 14,053 വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചിരുന്നെങ്കിലും ഇഷ്ട കോഴ്‌സുകള്‍ ലഭിക്കാത്തതിനാല്‍ 3,461 പേര്‍ പ്രവേശനം നേടിയിട്ടില്ല.
ഇതുകൂടാതെ വിവിധ ജില്ലകളില്‍ അപേക്ഷകരില്ലാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന 11,106 സീറ്റുകളും സംസ്ഥാനത്തുണ്ട്്. നാളിതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജില്ലയ്ക്കകത്തോ മറ്റു ജില്ലകളിലെ സ്‌കൂളുകളിലേക്കോ കോഴ്‌സുകളിലേക്കോ ട്രാന്‍സ്ഫറിന് നാളെ വൈകീട്ട് മൂന്നിനകം അപേക്ഷിക്കാം.
ഒഴിവുവിവരങ്ങള്‍ ഏക ജാലക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാറ്റം ലഭിച്ച വിദ്യാര്‍ഥികള്‍ ജൂണ്‍ 29നാണ് പ്രവേശനം നേടേണ്ടത്. തുടര്‍ന്നുള്ള കണക്കുകള്‍ വിലയിരുത്തിയാണ് മാറ്റം വരുത്തുന്ന ബാച്ചുകള്‍ തീരുമാനിക്കുക. ബാച്ചുകള്‍ ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍നിന്ന് സപ്ലിമെന്ററി ഘട്ടത്തില്‍ പോലും സീറ്റില്ലാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുന്ന മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്കാണ് ബാച്ചുകള്‍ മാറ്റുന്നത്.
തീരേ വിദ്യാര്‍ഥികളില്ലാത്ത ബാച്ചുകള്‍ കൂടാതെ, ഒരേ വിഭാഗത്തില്‍ രണ്ടു ബാച്ചുകളുള്ള സ്‌കൂളുകളില്‍ ഒരു ബാച്ചിനുമാത്രമേ ആളുകളുള്ളുവെങ്കില്‍ ഇത്തരം ബാച്ചുകള്‍ ഒന്നാക്കി ചുരുക്കി അധിക ബാച്ച് മേല്‍ജില്ലകളിലേക്കു മാറ്റും.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന എട്ടുബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടുവന്നത്. താല്‍ക്കാലികമായി അനുവദിച്ച പ്ലസ് വണ്‍ ബാച്ചില്‍ പ്രവേശനം നേടിയവര്‍ നിലവില്‍ പ്ലസ്ടുവിലാണ്.
ഇതേ സ്‌കൂളുകളില്‍ ഇക്കുറി അധിക പ്ലസ്ടു ബാച്ചുകളില്‍ അഡ്മിഷന്‍ നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അധിക ബാച്ചുകള്‍ നല്‍കിയ സ്‌കൂളുകളെ കൂടാതെ കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും ആവശ്യമെങ്കില്‍ ബാച്ചുകൊണ്ടുവരുന്നതിനുള്ള ക്ലാസ് റൂം സൗകര്യം ഇതിനകം ഹയര്‍ സെക്കന്‍ഡറി വിഭാഗം വിലയിരുത്തിയിട്ടുണ്ട്.
നിലവിലുള്ള ലാബ് സൗകര്യങ്ങള്‍ തന്നെയാവും അധികബാച്ചുകാര്‍ക്കും ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ബാച്ചുകള്‍ നിലവില്‍ താല്‍ക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്നത് 14,567 സീറ്റുകള്‍
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 14,567 പ്ലസ്‌വണ്‍ സീറ്റുകള്‍ ഇതിലേക്കാണ് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റം അനുവദിച്ചിരിക്കുന്നത്്. പത്തനംതിട്ടയില്‍ മാത്രം അപേക്ഷകരില്ലാത്തതിനാല്‍ 3,309 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. തെക്കന്‍ ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒഴികെ ആയിരത്തിലധികം സീറ്റുകള്‍ ഒഴിവുണ്ട്.
ആലപ്പുഴ(1,829), കോട്ടയം(1,785), ഇടുക്കി(1,499), എറണാകുളം(1,652) എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."