പ്ലസ്‌വണ്‍: 10 ശതമാനം സീറ്റ് കൂടി വര്‍ധിപ്പിച്ചു
മലപ്പുറം: സംസ്ഥാനത്തെ പ്ലസ്‌വണ്‍ സീറ്റ്ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 10 ശതമാനം സീറ്റ് കൂടി വര്‍ധിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കി.
മുന്‍നിശ്ചയപ്രകാരമുള്ള ഏകജാലക അലോട്ട്‌മെന്റ് നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും മലബാറില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നത് കഴിഞ്ഞദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുഖ്യഘട്ട അലോട്ട്‌മെന്റില്‍ തന്നെ ചില തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നപ്പോള്‍ മലപ്പുറം, കോഴിക്കോട്്, പാലക്കാട് ജില്ലകളില്‍ രണ്ടുതവണ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടന്നിട്ടും സീറ്റില്ലാതെ പുറത്തുനിന്നവര്‍ നിരവധിയായിരുന്നു. ഇത് പരിഗണിച്ചാണ് ഒരു ബാച്ചില്‍ അഞ്ച് സീറ്റ് വീതം (10 ശതമാനം സീറ്റ്) സംസ്ഥാനത്തുടനീളം വര്‍ധിപ്പിച്ചിരിക്കുന്നത്. 50 കുട്ടികളുള്ള ബാച്ചില്‍ നേരത്തേ 20 ശതമാനം വര്‍ധനവ് വഴി സീറ്റുകളുടെ എണ്ണം 60 ആക്കിയിരുന്നു.
10 ശതമാനം വര്‍ധനവ് കൂടി വരുന്നതോടെ ഇത് 65 ആകും. ഇപ്രകാരം വര്‍ധിപ്പിക്കുന്ന സീറ്റുകളിലേക്ക് ഏകജാലകം മുഖേന ഇതിനകം അപേക്ഷിച്ച കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. സംവരണ തത്വങ്ങള്‍ പാലിച്ച് ഏകജാലക പ്രവേശനത്തിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവേശനം.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാത്രമായി നടപ്പാക്കിയ വര്‍ധനവില്‍നിന്ന് അണ്‍ എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കിയിട്ടുണ്ട്. 20 ശതമാനം ആനുപാതിക വര്‍ധനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അനുവദിച്ചിരുന്നില്ല.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം സംസ്ഥാനത്ത് നിലവില്‍ ഒഴിഞ്ഞുകിടക്കുന്നത് 14,567 പ്ലസ്‌വണ്‍ സീറ്റുകളാണ്. ഇതില്‍ ഭൂരിഭാഗവും പത്തനംതിട്ട (3,309), ആലപ്പുഴ (1,829), കോട്ടയം (1,785), ഇടുക്കി (1,499), എറണാകുളം(1,652) തുടങ്ങിയ ജില്ലകളിലായതിനാല്‍ മലബാര്‍ ജില്ലകളിലുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ല. അതേസമയം, തെക്കന്‍ ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്ക് മാറ്റുന്നതിനുള്ള അന്തിമറിപ്പോര്‍ട്ട് ഇന്ന് തയാറാകും. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക്് സ്‌കൂള്‍, കോമ്പിനേഷന്‍ എന്നിവ മാറുന്നതിന് ഇന്നലെ വൈകിട്ട് മൂന്നുവരെ അവസരം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."