'കേരളത്തിന്റെ സൈന്യം' ഇനി കോസ്റ്റല്‍ പൊലിസ്: 177 മത്സ്യത്തൊഴിലാളികള്‍ക്ക് നിയമനം
തൃശൂര്‍: മത്സ്യത്തൊഴിലാളികളില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 177 പേരടങ്ങിയ കേരളാ കോസ്റ്റല്‍ പൊലിസ് വാര്‍ഡന്മാരുടെ പ്രഥമ ബാച്ചിന്റെ പാസിങ് ഔട്ട് കഴിഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരത്തെ കേരള പൊലിസ് അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരേഡില്‍ അഭിവാദ്യം അര്‍പ്പിച്ചു.
കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് പ്രളയകാലത്ത് വിശേഷിപ്പിക്കപ്പെട്ടവര്‍ ഔദ്യോഗികമായി കേരളത്തിന്റെ സേനയുടെ ഭാഗമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍നിന്ന്, ആര്‍ത്തലച്ചുവന്ന മലവെള്ളപ്പാച്ചിലില്‍നിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട തെരഞ്ഞെടുത്തവര്‍ക്ക് കോസ്റ്റല്‍ പൊലിസ് വാര്‍ഡന്‍മാരായി പ്രത്യേക നിയമനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
200 പേരെ ചേര്‍ത്താണ് സേനാ രൂപീകരണം തീരുമാനിച്ചിരുന്നത്. അഞ്ച് വനിതകളടക്കം 177 പേരെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. നിയമനത്തിന് ഒരു വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 200 പേരെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതില്‍ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താന്‍ നടപടി സ്വീകരിക്കും. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് പുറമെ അതിര്‍ത്തി രക്ഷ കൂടി കോസ്റ്റല്‍ പൊലിസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടല്‍ പട്രോളിങ് എന്നിവയില്‍ വിദഗ്ധ പരിശീലനം സേനക്ക് നല്‍കി.
കേരളത്തിന്റെ തീരദേശ ജില്ലകളില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവര്‍ക്കാണ് കോസ്റ്റല്‍ പൊലിസ് വാര്‍ഡന്‍മാരായി ഒരു വര്‍ഷത്തേക്ക് നേരിട്ട് നിയമനം നല്‍കിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കീഴിലെ കടലിലെ ബോള്‍ ബാലന്‍സിങ്, ചെസ്റ്റ് ക്യാരിയിങ്, കടലിലെ അതിജീവന സങ്കേതങ്ങള്‍ എന്നിവ കൂടാതെ നാവികസേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും പരിശീലനവും പൊലിസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."